വാക്‌സീനുകൾ കൊറോണ വകഭേദങ്ങളെ മറികടക്കും; ഫലപ്രാപ്തിയിൽ കുറവുണ്ടാകും

ന്യൂഡെൽഹി: കൊറോണ വകഭേദങ്ങളെ വാക്‌സീനുകൾക്ക് മറികടക്കാനാമെങ്കിലും ഫലപ്രാപ്തിയിൽ കുറവുണ്ടാകുമെന്ന് വിദഗ്ധർ. രോഗം മൂർച്ഛിക്കുന്നതിൽ നിന്ന് തടയാൻ വാക്‌സീനുകൾക്ക് സാധിക്കുമെന്നും ജെനോമിക്‌സ് വിദഗ്ധർ പറഞ്ഞു.

വകഭേദങ്ങൾക്ക് മുമ്പ് പോലും കൊറോണ ബാധിച്ച ഒരാൾക്ക് സ്വാഭാവികമായി ആറ് മാസത്തേക്ക് 80 ശതമാനം സുരക്ഷയുണ്ടായിരുന്നുവെന്ന് യുകെയിലെ പഠനം പറഞ്ഞിരുന്നു. എന്നാൽ വകഭേദങ്ങളുണ്ടായതോടെ സ്വാഭാവിക സുരക്ഷ നഷ്ടമായെന്നും സിഎസ്‌ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടർ ഡോ. അനുരാഗ് അഗർവാൾ പറഞ്ഞു.

കൊവാക്‌സിനും കൊവിഷീൽഡിനും 76, 80 ശതമാനമായിരുന്നു ഫലപ്രാപ്തി. വകഭേദങ്ങൾക്കുശേഷം വാക്‌സീൻ എടുത്താലും രോഗം ബാധിക്കാമെന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. വകഭേദങ്ങൾക്ക് ശേഷം ഫലപ്രാപ്തി 70, 65 ശതമാനമായി കുറഞ്ഞിരിക്കാം. എന്നിരുന്നാലും രോഗാവസ്ഥ മൂർച്ഛിക്കുന്നതിൽ നിന്ന് വാക്‌സീനുകൾക്ക് സുരക്ഷ നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.