കൊറോണ വൈറസിനും ജീവനുണ്ടെന്നും അവയ്ക്കും മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും വിചിത്ര വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്

ഡെറാഡൂണ്‍: കൊറോണ വൈറസിനും ഒരു ജീവനുണ്ടെന്നും അവയ്ക്കും മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ഇന്ത്യയിൽ കൊറോണ വ്യാപനവും മരണങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് വൈറസിൻ്റെ അവകാശത്തെക്കുറിച്ച് വിചിത്ര പ്രസ്താവനയുമായി ബിജെപി നേതാവ് കൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത് രംഗത്ത് എത്തിയത്.

‘കൊറോണ വൈറസും ജീവനുള്ള വസ്തുവാണ്. നമ്മളെപ്പോലെ ജീവിക്കാന്‍ അതിനും അവകാശമുണ്ട്. പക്ഷെ സ്വയം ബുദ്ധിമാനെന്ന് വിചാരിക്കുന്ന നമ്മള്‍ മനുഷ്യര്‍ അവരെ തുരത്തിയോടിക്കുന്നു. അതുകൊണ്ടവര്‍ വീണ്ടും മാറ്റങ്ങള്‍ സ്വീകരിച്ച് വീണ്ടും രംഗത്തുവരുന്നു,’ ത്രിവേന്ദ്ര സിംഗ് പറഞ്ഞു.

‘വൈറസിനെ ഒരു സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുകയാണ് വേണ്ടതെന്നും അല്ലാതെ അതിനെ നശിപ്പിക്കുകയല്ല ചെയ്യേണ്ടതെന്നുമാണ് ത്രിവേന്ദ്ര സിംഗിന്റെ പ്രസ്താവന. ത്രിവേന്ദ്ര സിംഗിന്റെ പ്രസ്താവനയ്ക്കെതിരേ രൂക്ഷ വിമർശനവും പരിഹാസവുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിംഗ് ഇക്കഴിഞ്ഞ മാർച്ചിലാണ് ബിജെപി തീരുമാനത്തെ തുടർന്ന് സ്ഥാനം ഒഴിഞ്ഞത്.