കോവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള ദീർഘിപ്പിച്ചു; വിദഗ്ധസമിതി ശുപാർശയ്ക്ക് കേന്ദ്രത്തിൻ്റെ അംഗീകാരം

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിന്റെ ഇടവേള ദീർപ്പിപ്പിച്ചു കൊണ്ടുള്ള വിദഗ്ധ സമിതിയുടെ ശുപാർശയ്ക്ക് അംഗീകാരം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനി രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്‌സിൻ 12 മുതൽ 16 ആഴ്ചയ്ക്കിടയിൽ എടുത്താൽ മതി.

മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കുന്നത്. നാലു മുതൽ ആറ് ആഴ്ച്ചകൾക്കിടെ കൊവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നായിരുന്നു ആദ്യഘട്ടത്തിൽ വ്യക്തമാക്കിയിരുന്നത്. പിന്നീട് ഇത് ആറു- എട്ട് ആഴ്ച്ചയായി വർധിപ്പിച്ചിരുന്നു.

നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യുണിസേഷനാണ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്ച്ച വരെ ദീർഘിപ്പിക്കാമെന്ന നിർദ്ദേശം നൽകിയത്.

ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാമെന്നും ഇക്കാര്യത്തിൽ ഗർഭിണികൾക്ക് സ്വയം തീരുമാനമെടുക്കാമെന്നും സമിതി സർക്കാരിന് ശുപാർശ നൽകിയിരുന്നു. മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ സ്വീകരിക്കാം. കൊറോണ വന്ന് രോഗമുക്തി നേടിയവർ ആറുമാസത്തിനു ശേഷം വാക്സിൻ സ്വീകരിച്ചാൽ മതിയെന്നും വിദഗ്ധ സമിതി നിർദ്ദേശിച്ചു.