മാവേലിക്കര: ഡ്രൈവറില്ലാത്ത ഓക്‌സിജൻ ലോറിക്ക് വളയം പിടിച്ച് ജീവവായു എത്തിച്ച് മനുഷ്യ സ്നേഹത്തിൻ്റെ മാതൃകയായി ജോയിന്റ് ആർടിഒ. ഓക്സിജൻ സിലറണ്ടുകൾ എത്തിക്കുക മാത്രമല്ല അവ ഇറക്കിയാണ് ഉദ്യോഗസ്ഥൻ തൻ്റെ സേവന തൽപരത തെളിയിച്ചത്. അടിയന്തിര സാഹചര്യത്തിൽ ഓക്സിജൻ ലഭ്യമാക്കാൻ മുന്നിട്ടിറങ്ങിയ മാവേലിക്കരയിലെ ജോയിന്റ് ആർടിഒ മനോജ് എംജി ഇതോടെ സമൂഹമാധ്യമങ്ങളിൽ താരമായി.
കൊറോണ രോഗികളിൽ ഓക്‌സിജൻ ലെവൽ കുറഞ്ഞ് മരണം സംഭവിക്കുന്നത് പതിവായിരിക്കുന്ന സന്ദർഭത്തിലാണ് ഉദ്യോഗസ്ഥൻ അവസരത്തിനൊത്ത് ഉയർന്നത്. നാട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ ഓക്സിജൻ ക്ഷാമത്തിന് പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ മേഖല. ഇത് മനസിലാക്കി മനോജും രംഗത്തിറങ്ങുകയായിരുന്നു.
ചെങ്ങന്നൂരിലെ കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ അടിയന്തിരമായി ഓക്സിജൻ സിലണ്ടർ ആവശ്യമാണെന്ന് അറിയിപ്പ് ലഭിച്ചു. എന്നാൽ, ഓക്സിജൻ സിലിണ്ടറുമായി പോകുന്ന ലോറിയുടെ ഡ്രൈവർക്ക് സ്ഥലത്ത് എത്തിപ്പെടാനുള്ള സാഹചര്യം ഇല്ലാതായതോടെയാണ് മനോജ് എന്ന ഉദ്യോഗസ്ഥൻ ടിപ്പർ ലോറിയുടെ ഡ്രൈവിങ് സീറ്റിലെത്തിയത്.
അദ്ദേഹം ടിപ്പറിന്റെ ഡ്രൈവറായി വാഹനവുമായി മാവേലിക്കരയിലെ ട്രാവൻകൂർ ഫാക്ടറിയിലെ ത്തുകയുമായിരുന്നു. അവിടെ നിന്നും വാഹനത്തിൽ കയറ്റിയ സിലിണ്ടറുകൾ പരമാവധി വേഗത്തിൽ ചെങ്ങന്നൂരിൽ എത്തിക്കുകയും അദ്ദേഹവും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സിലിണ്ടറുകൾ വാഹനത്തിൽ നിന്ന് ഇറക്കുകയുമായിരുന്നു.
ആവശ്യമായി സ്ഥലങ്ങളിൽ ഓക്സിജൻ എത്തിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കുമെന്ന് കേരള മോട്ടോർ വെഹിക്കിൾ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പല ജില്ലകളിലും ഇത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് മാവേലിക്കരയിലെ സംഭവം ഉദ്യോഗസ്ഥർ പങ്കുവെച്ചിട്ടുള്ളത്.
മോട്ടർ വാഹന വകുപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
അടിയന്തിരമായി ജീവവായു എത്തിച്ച് മാവേലിക്കര ജെ.ആർ.ടി.ഒയും ഉദ്യോഗസ്ഥനും
ചെങ്ങന്നൂർ കോവിഡ് എഫ്.എൽ.ടി.സിയിലേക്ക് അടിയന്തിരമായി ഓക്സിജൻ സിലിണ്ടർ ആവശ്യമാവുകയും, ടിപ്പർ ഡ്രൈവർക്ക് എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ടിപ്പറിന്റെ സാരഥ്യം മാവേലിക്കര ജോയിന്റ് ആർ.ടി.ഒ. മനോജ് എം.ജി ഏറ്റെടുക്കുയും, ടിപ്പർ മാവേലിക്കര കുന്നം ട്രാവൻകൂർ ഫാക്ടറിയിൽനിന്നും ജീവവായു സിലിണ്ടറുകൾ വളരെ പെട്ടന്ന് തന്നെ ചെങ്ങന്നൂരിൽ എത്തിക്കുകയും ചെയ്തു.
കോവിഡ് മാലിന്യ നിർമ്മാർജ്ജന ചുമതല ഉണ്ടായിരുന്ന രണ്ടു പേരോടൊപ്പം മനോജ് എം.ജി, പൈലറ്റ് വാഹനം ഓടിച്ചെത്തിയ എ.എം വിഐ. ശ്യാം കുമാർ എന്നിവർ ചേർന്നാണ് ലോഡ് ഇറക്കിയത്. മാവേലിക്കര സബ് ആർ.ടി. ഓഫീസിലെ എം വിഐമാരായ എസ്.സുബി, സി.ബി. അജിത്ത് കുമാർ, എ.എം വിഐമാരായ ശ്യാം കുമാർ, പി. ജയറാം, പി. ഗുരുദാസ് എന്നിവർ ഓക്സിജൻ വിതരണത്തിനായി സദാ ജാഗരൂകരായി ഇരിക്കുന്നു.
ജില്ലാ പ്രവർത്തനങ്ങൾ ആലപ്പുഴ ആർ.ടി.ഒമാരായ ജി.എസ്. സജി പ്രസാദ്, പി.ആർ. സുമേഷ് എന്നിവർ നിയന്ത്രിക്കുന്നു. അടിയന്തിരമായി ഇടപെട്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച മനോജ് എം.ജി, ശ്യാം കുമാർ, ഒപ്പം മാവേലിക്കര ഓഫീസിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ.