ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

ന്യൂഡെൽഹി: ഇസ്രായേലിൽ ഹമാസിന്റെ റോക്കറ്റ്‌ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടാൽ നടപടികൾ വൈകാം.

വെള്ളിയാഴ്ച രാത്രി ടെൽ അവീവിലെ ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹം ആദ്യം ഡെൽഹിയിലെത്തിക്കും. ഇതു സംബന്ധിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കുമാർ സിഗ്ലയുമായി സംസാരിച്ചു.

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിനിടെയാണ് ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്‌കെലോൺ എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഭർത്താവുമായി സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്.

2017ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മലയാളി സൗമ്യ സന്തോഷിൻ്റെ ദാരുണ മരണം യുഎന് രക്ഷാസമിതിയെ അറിയിച്ച ഇന്ത്യ ഗാസയിൽനിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ അപലപിച്ചു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.