കൊച്ചി: ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകൾ തുറന്നത്. ഡാം തുറന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
അണക്കെട്ടിലെ 1,8,9,15, എന്നീ ഷട്ടറുകളാണ് തുറന്നത്. ആകെ 2.1 മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഒരു സെക്കൻഡിൽ 197 ഘനമീറ്റർ വെള്ളമാണ് പുറന്തള്ളുന്നത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 34.90 മീറ്ററാണ്. നിലവിൽ 34.10 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്.
സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കൊഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ദുരന്തനിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. ടൗട്ടേ എന്ന പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റിൻറെ സഞ്ചാരപഥത്തിൽ നിലവിൽ കേരളം ഉൾപ്പെട്ടില്ല. ആദ്യഘട്ടത്തിൽ ഒമാനിൽ തീരംതൊടും എന്ന് കരുതിയിരുന്ന ചുഴലിക്കാറ്റിൻറെ സഞ്ചാരപഥം നിലവിൽ മാറിയിട്ടുണ്ട്. മഹാരാ, ഗുഷ്ട്രജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ ഒടുവിലെ മുന്നറിയിപ്പ്.
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ കളക്ടറേറ്റുകളിൽ കൺട്രോൾ റൂമുകൾ തുടങ്ങാൻ സർക്കാർ നിർദ്ദേശം നൽകി. ജില്ലാ ഭരണകൂടങ്ങളോട് മറ്റ് മുന്നൊരുക്കങ്ങൾ നടത്താനും വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കാനുമാണ് നിർദ്ദേശം.