സിബിഎസ്‍ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം ഫീസ് വര്‍ധനയുണ്ടാകില്ല

ന്യൂഡെൽഹി: കൊറോണയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അടുത്ത അധ്യയന വര്‍ഷം സ്കൂളുകളില്‍ ഫീസ് വര്‍ധനയുണ്ടാകില്ലെന്ന് കേരള സിബിഎസ്‌ഇ സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷൻ. സം‌ഘടനയുടെ കീഴിലെ സ്കൂളുകളില്‍ പുതിയ പ്രവേശനത്തിന് ഡൊണേഷനോ അനുബന്ധ ഫീസുകളോ നല്‍കേണ്ടതില്ലെന്നും അസോസിയേഷൻ പ്രസിഡന്‍റ് അ‍ഡ്വ. ടി. പി. ഇബ്രാംഹിംഖാന്‍ അറിയിച്ചു.

കേരള സിബിഎസ്‌ഇ സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷനില്‍ അംഗങ്ങളായ 1488 സ്കൂളികളില്‍ ഈ തീരുമാനം ബാധകമായിരിക്കും. കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഫീസ് മാത്രമേ ഇത്തവണയും കുട്ടികളില്‍ നിന്ന് ഈടാക്കാവൂ. ഗ്രാമീണ മേഖലകളിലടക്കം മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി മോശമാണെങ്കില്‍ സ്കൂള്‍ മാനേജ്മെന്‍റുകള്‍ക്ക് ഫീസ് വീണ്ടും കുറയ്ക്കാം. പുതിയ യൂണിഫോം വേണമെന്ന് കുട്ടികളെ നിര്‍ബന്ധിക്കാന്‍ പാടില്ല. പുതിയ പാഠപുസ്തകങ്ങള്‍ വാങ്ങണമെന്ന് നിര്‍ബന്ധമില്ലെന്നും അസോസിയേഷൻ അറിയിച്ചു.