ഭോപ്പാൽ: കൊറോണ ഭേദമായവരിൽ പിടിപെടുന്ന ’മ്യുകോര്‍മൈകോസിസ്’ എന്നറിയപ്പെടുന്ന ‘ബ്ലാക്ക് ഫംഗസ്’ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നത് പരിഭ്രാന്തി സ്യഷ്ടിക്കുന്നു.നേരത്തേ മഹാരാഷ്ട്ര, ഗുജറാത്ത്, ഡെൽഹി എന്നിവിടങ്ങളിലെ രോഗികളിൽ കൂടുതലായി കണ്ടെത്തിയ ബ്ലാക്ക് ഫംഗസ്’ മധ്യപ്രദേശിലും വ്യാപിക്കുകയാണ്.
കൊറോണ രോഗികളില്‍ കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന മ്യുകോര്‍മൈകോസിസ് രോഗം ഇതുവരെ 50 പേർക്ക് സ്ഥിരീകരിച്ചു. ‘ബ്ലാക്ക് ഫംഗസ്’ വ്യാപനം ആശങ്കപ്പെടുത്തുന്നുണ്ടെന്നും പ്രതിരോധ നടപടികൾ സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
മധ്യപ്രദേശിന് പുറമേ ഇപ്പോൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മ്യുകോര്‍മൈകോസിസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ രണ്ടായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ച് ചൊവ്വാഴ്ച രണ്ടു പേർ മരിക്കുകയും ചെയ്തു. വളരെ ഗുരുതരമായ ഒരവസ്ഥയായിട്ടാണ് മ്യുകോര്മൈകോസിസിനെ ഡോക്ടര്‍മാര്‍ സമീപിക്കുന്നത്.
കൊറോണ രോഗ മുക്തരായവരില്‍ അപകടകരമായ ഫംഗസ് ബാധ കണ്ടെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. കണ്ണ്, കവിൾ എന്നിവടങ്ങളിലെ നീർവീക്കം, മൂക്കിലെ തടസം, ശരീര വേദന, തലവേദന, ചുമ, ശ്വാസം തടസം, ഛർദ്ദി തുടങ്ങിയവയാണ് മ്യൂക്കോര്‍മിസെറ്റസിന്റെ ലക്ഷണങ്ങൾ. മ്യൂക്കോര്‍മിസെറ്റസ് എന്ന ഒരു തരം പൂപ്പല്‍ മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണ് ബ്ലാക്ക് ഫംഗസ് എന്ന് കൂടി അറിയപ്പെടുന്ന മ്യുകോര്‍മൈകോസിസ്.
ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ തുടങ്ങിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ഇത് തലച്ചോറിനെ ബാധിച്ചാൽ മരണത്തിന് കാരണമാകുന്നു. ഈ അവസരത്തിൽ രോഗിയുടെ ഒരു കണ്ണ് പൂർണമായും എടുത്തു കളഞ്ഞാൽ ജീവൻ നിലനിർത്താനാകുമെന്നും ഡോക്ടർമാർ പറയുന്നു.
അവയവ മാറ്റിവയ്ക്കല്‍ നടക്കുമ്പോഴും തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കിടയിലും പ്രതിരോധ ശേഷി കുറഞ്ഞ രോഗികളില്‍ ഈ കൊലയാളി ഫംഗല്‍ ബാധ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ കൊറോണയോട് അനുബന്ധിച്ച് ഈ ഫംഗസ് ബാധയുണ്ടാകുന്നത് കൂടുതൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു.