സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം കൊറോണ പ്രതിരോധ ഫണ്ടിലേക്ക് നല്‍കി ബാലന്‍; സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി സ്റ്റാലിന്‍

മധുര: സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പൈസ കൊറോണ പ്രതിരോധ ഫണ്ടിലേക്ക് നല്‍കി തമിഴ് ബാലന്‍ മാതൃകയായപ്പോള്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആകട്ടെ അവന് തിരികെ ഒരു സമ്മാനം നല്‍കി, ഒരു പുതുപുത്തന്‍ സൈക്കിള്‍.

തമിഴ്‌നാട് മധുരയില്‍ നിന്നുള്ള ഏഴ് വയസുകാരന്‍ ഹരീഷ് വര്‍മ്മനാണ് രണ്ട് വര്‍ഷമായി പിഗ്ഗി ബാങ്കില്‍ സൈക്കിള്‍ വാങ്ങാനായി താന്‍ സൂക്ഷിച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ കൊറോണ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്തത്. ആയിരം രൂപയായിരുന്നു ഹരീഷിന്റെ സമ്പാദ്യത്തിലുണ്ടായിരുന്നത്. വെറുതെ സംഭാവന നല്‍കുക മാത്രമായിരുന്നില്ല ഹരീഷ് ചെയ്തത്. താന്‍ നല്‍കുന്ന പണം കൊറോണ വൈറസ് ബാധയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ട രീതിയില്‍ നല്‍കണം എന്ന് ആവശ്യപ്പെടുന്ന കത്തും ഉണ്ടായിരുന്നു.

അതേസമയം സ്റ്റാലിനാവട്ടെ തമിഴ് നാടിന് മുഴുവന്‍ മാതൃകയായ ഹരീഷിന് ഒരു പുത്തന്‍ സൈക്കിള്‍ സമ്മാനമായി നല്‍കുകയായിരുന്നു. മധുര നോര്‍ത്ത് എംഎല്‍എ കെ ദളപതി മുഖേനയാണ് സ്റ്റാലിന്‍ സൈക്കിള്‍ എത്തിച്ചു നല്‍കിയത്. ഹരീഷിനെ ഫോണില്‍ ബന്ധപ്പെട്ട് അഭിനന്ദനം അറിയിക്കാനും സ്റ്റാലിന്‍ മറന്നില്ല. ഹരീഷിന്റെ പ്രവര്‍ത്തിയെക്കുറിച്ചുള്ള പോസ്റ്റും സ്റ്റാലിന്‍ തന്റെ ഔദ്യോഗിക പേജില്‍ പങ്കുവച്ചിട്ടുണ്ട്.

ഇല്ക്ട്രീഷ്യന്‍ ആയ ഇളങ്കോയുടേയും ഗീതയുടേയും മകനാണ് ഹരീഷ് വര്‍മ്മന്‍. ഏത് ക്‌ളാസിലാണ് പഠിക്കുന്നതെന്നും സൈക്കിളിന്റെ നിറം എന്താണെന്നും മുഖ്യമന്ത്രി ഫോണില്‍ വിളിച്ചപ്പോള്‍ അന്വേഷിച്ചതായി ഹരീഷ് പറഞ്ഞു. കൊറോണ ആയതിനാല്‍ സൈക്കിളുമായി പുറത്ത് പോകുമ്പോള്‍ സുരക്ഷിതമായി ഇരിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞതായും ഹരീഷ് പറഞ്ഞു.

മുഖ്യമന്ത്രി മകനെ നേരിട്ട് വിളിച്ചതില്‍ ഇളങ്കോയും ഗീതയും സന്തോഷം രേഖപ്പെടുത്തി.