തിരുവനന്തപുരം: കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിലെ വാർഷിക ധ്യാനത്തിൽ പങ്കെടുത്ത ഒരു സിഎസ്ഐ വൈദികൻ കൂടി മരിച്ചു. തിരുവനന്തപുരം അമ്പലക്കാല ഇടവകയിലെ വൈദികൻ ബിനോയ് കുമാർ (39)ആണ് മരിച്ചത്. നേരത്തെ രണ്ട് വൈദികർ കൊറോണ ബാധിച്ച് മരിച്ചിരുന്നു. നിയന്ത്രണം ലംഘിച്ച് മൂന്നാറിൽ വൈദിക സമ്മേളനം സംഘടിപ്പിച്ച സംഭവത്തിൽ സിഎസ്ഐ സഭയ്ക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു.
മൂന്നാർ സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്ത ദക്ഷിണ കേരള മഹായിടവക വൈദികരും മഹായിടവക ബിഷപ് എ ധർമരാജ് റസാലം എന്നിവരാണ് കേസിലെ പ്രതികൾ. ഏപ്രിൽ 13 മുതൽ 17 വരെ പഴയമൂന്നാർ സി.എസ്.ഐ. ദേവാലയത്തിലാണ് വാർഷിക ധ്യാനം നടന്നത്. ഇതിൽ 480 വൈദികരാണ് പങ്കെടുത്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തുകയും മൂന്നാർ വില്ലേജ് ഓഫീസർ പ്രാഥമിക റിപ്പോർട്ട് ദേവികുളം സബ് കളക്ടർക്ക് നൽകുകയും ചെയ്തിരുന്നു. പരിപാടിയിൽ പങ്കെടുത്ത വൈദികർ മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും ഉൾപ്പെടെ സാധാരണ സ്വീകരിക്കേണ്ട മുൻകരുതലുകൾ പോലും സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.