ന്യൂഡെൽഹി: ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യയുടെ മകൻ അഡോണിനെ 2008ലെ ഭീകരാക്രമണത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞു മോഷയോട് ഉപമിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റോൺ മൽക്ക.
ഇസ്രയേൽ സർക്കാരിനെ പ്രതിനിധീകരിച്ച് സൗമ്യയുടെ കുടുംബവുമായി റോൺ മോൽക്ക സംസാരിച്ചു. സൗമ്യയുടെ വേർപാടിൽ ഇസ്രയേൽ ആകെ ദുഃഖിക്കുന്നുവെന്ന് റോൺ പറഞ്ഞു. ഒമ്പത്കാരന് അമ്മയെ നഷ്ടപ്പെട്ടതിൽ ഇസ്രയേലിന്റെ ഹൃദയവും തേങ്ങുന്നു. സൗമ്യയും ഭർത്താവും സന്തോഷും കുഞ്ഞും കൂടി നിൽക്കുന്ന ചിത്രവും റോൺ ട്വീറ്റ് ചെയ്തു.
‘അഡോൺ എന്ന കുഞ്ഞിനൊപ്പമാണ് എന്റെ മനസ്. ചെറുപ്രായത്തിൽ അവന് അമ്മയെ നഷ്ടമായിരിക്കുന്നു. ഇനി അമ്മയുടെ സാന്നിധ്യമില്ലാതെ അവൻ വളരണം. ഈ പൈശാചികമായ ആക്രമണം 2008ലെ മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞു മോഷയെയാണ് ഓർമിപ്പിക്കുന്നത്. ദൈവം അവർക്ക് കരുത്തും ധൈര്യവും നൽകട്ടെ.’ റോൺ ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം ഗാസയിൽ നിന്നുള്ള റോകെറ്റ് ആക്രമണത്തിൽ ഇസ്രയേൽ പട്ടണമായ അഷ്കെലോണിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്. സൗമ്യ വൈകിട്ട് 5.30നു കീരിത്തോട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണു റോകെറ്റ് താമസസ്ഥലത്ത് പതിച്ചത്.
ഇവിടെത്തന്നെയുള്ള ബന്ധുവാണു പിന്നാലെ മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളാണു സൗമ്യ.