ന്യൂഡെൽഹി: ഇന്ത്യയ്ക്ക് ആശ്വാസമേകുന്ന റിപ്പോർട്ടുമായി ന്യൂ കേംബ്രിഡ്ജ് സ്കൂൾ ട്രാക്കർ. ഇന്ത്യയിലെ പ്രതിദിന കൊറോണ കേസുകൾ അതിവേഗം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലേയും ഗവേഷകർ ചേർന്നാണ് പുതിയ ട്രാക്കർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കൊറോണ വ്യാപനത്തിന്റെ രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യമേഖലയെ പിടിച്ചുലയ്ക്കുകയും ഓക്സിജൻ ലഭിക്കാതെ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിന് പിറകേയാണ് വലിയ ആശ്വാസമേകുന്ന പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഒരാഴ്ചയായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊറോണ കേസുകളുടെ എണ്ണം നാലുലക്ഷത്തിൽ താഴെയാണ്. രാജ്യത്ത് കൊറോണ കേസുകളുടെ വർധനവ് അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇപ്പോൾ അത് വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാൽ ചില സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കാര്യത്തിൽ നേരിയ വ്യത്യാസമുണ്ട്. അസം, ഹിമാചൽ പ്രദേശ്, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളിൽ അടുത്ത രണ്ടാഴ്ച കൂടി കൊറോണ കേസുകളിൽ വർധനവുണ്ടാകുമെന്നും ഗവേഷകർ പറയുന്നു.
രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കൾ ഉൾപ്പടെയുളള വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലുമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
അതേസമയം, രാജ്യത്തെ കൊറോണ വ്യാപനത്തിന്റെ രണ്ടാംതരംഗം കുറഞ്ഞ് ഏകനിരക്കിലേക്കെത്തിയെങ്കിലും അതിൽനിന്ന് കുറവുണ്ടാകുന്നത് ആദ്യതരംഗത്തെ അപേക്ഷിച്ച് ദൈർഘ്യമേറിയതായിരിക്കുമെന്നാണ് പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ പറയുന്നത്.
‘പ്രതിദിന കൊറോണ കേസുകളുടെ എണ്ണം ഏകനിരക്കിലേക്ക് എത്തിയിട്ടുണ്ടാകാം. എന്നാൽ അത് പെട്ടെന്ന് കുറയുമെന്ന് കരുതാനാവില്ല.’ വൈറസ് വകഭേദം രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാകാമെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച ഈ വൈറസുകൾ കൂടുതൽ മാരകമാണെന്നത് സംബന്ധിച്ച വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.