ലോകജനസംഖ്യയുടെ വലിയൊരു ഭാഗത്തിനും പ്രതിരോധ വാക്‌സിൻ ലഭിച്ചില്ല; വാക്സിൻ കൂടുതലും ലഭിച്ചത് സമ്പന്നരാജ്യങ്ങൾക്ക്: ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്‌ഒ ). ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് ലോകത്തിലെ 83 ശതമാനം വാക്‌സിനും ലഭിച്ചതെന്നും ഡബ്യു.എച്ച്‌.ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

‘ലോക ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഉയർന്നതും ഇടത്തരം സമ്പദ് വ്യവസ്ഥയുമുള്ളതുമായ രാജ്യങ്ങൾക്ക് ലോകത്ത് ഉദ്പാദിപ്പിച്ച 83 ശതമാനം വാക്‌സിൻ ലഭിച്ചു. ഇതിനു വിപരീതമായി, ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ആകെ വാക്‌സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചത്.’- ഗെബ്രിയേസസ് പറഞ്ഞു.

കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യയിൽ തിരിച്ചറിഞ്ഞ വൈറസ് വകഭേദത്തെ ‘ആഗോള ആശങ്ക ഉയർത്തുന്ന വകഭേദം’ എന്ന് തരംതിരിച്ചിരിക്കുകയാണ്.ഈ വൈറസ് വകഭേദം കൂടുതൽ വേഗത്തിൽ പടരുന്നുവെന്ന് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.