കേരളത്തിൽ മുറിച്ചിട്ട മരം കർണാടക വനംവകുപ്പ് കടത്തിക്കൊണ്ടുപോയി

ബെംഗളൂരു: കേരളത്തിന്റെ റവന്യു ഭൂമിയിൽ മുറിച്ചിട്ട മരം കർണാടക വനംവകുപ്പ് കടത്തിക്കൊണ്ടുപോയി. ഇരിട്ടി തഹസിൽദാർ മരം കടത്തുന്നത് തടയാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേരളാ പൊലീസ് സ്ഥലത്തെത്തി തടയുന്നതിന് മുമ്പേ കർണാടക മരം കടത്തിയിരുന്നു.

വെള്ളിയാഴ്‌ച രാവിലെ ക്രെയിനുമായി എത്തിയ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ്‌ മരം കൊണ്ടുപോയത്‌. ഇരിട്ടി തഹസിൽദാർ മരം കടത്ത്‌ തടയണമെന്ന് പൊലീസിന് നിർദേശം നൽകിയെങ്കിലും റോഡ് കർണാടകം മണ്ണിട്ടടച്ചതിനാൽ യഥാസമയം എത്താനായില്ല. നേരത്തെ മാക്കൂട്ടത്തെ മാട്ടുമ്മൽ ബാബു, സൗമിനി എന്നിവരെ വീട്ടുമുറ്റത്തെ മരംമുറിച്ചതിന്‌ കേസിൽപെടുത്തി ജയിലിലടച്ചിരുന്നു. ഈ കേസിന്റെ ആവശ്യത്തിനാണ്‌ മരം കൊണ്ടുപോയതെന്ന്‌ പറയുന്നു.