വാഷിംഗ്ടണ്‍: ലോകത്ത് ഏറ്റവും വിജയകരമായി നല്ലൊരു ശതമാനം പേർക്കും വാക്സിനേഷന് നല്‍കിയിട്ടും സീഷെല്‍സില്‍ ഒരാഴ്ച കൊണ്ട് കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കൊറോണ വാക്സിന്റെ ഫലപ്രാപ്തിയെ സംശയത്തിലാക്കി ബ്ലൂംബര്‍ഗാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സീഷെല്‍സിൽ ജനസംഖ്യയില്‍ ഭൂരിപക്ഷത്തിനും ഇവിടെ വാക്സിന് നല്‍കാനായിട്ടുണ്ടെന്നാണ് കണക്ക്.
പുതുതായി രോഗം കണ്ടെത്തിയവരില്‍ 37 ശതമാനവും രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവരാണെന്ന് സീഷെല്‍സ് അധികൃതരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് ഏഴിന് അവസാനിച്ച ആഴ്ചയില്‍ സീഷെല്‍സില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത് ആരോഗ്യ രംഗത്തുള്ളവരെ അമ്പരപ്പിച്ചിരിക്കുകയാണ്.
സീഷെല്‍സില്‍ ഒരാഴ്ചകൊണ്ട് വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ലഭിച്ചാലേ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാവൂയെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു.
സീഷെല്‍സില്‍ പടരുന്നത് ഏതു വൈറസ് വകഭേദമാണ്, രൂക്ഷത എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിന് സീഷെല്‍സ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന്, ഡബ്ല്യൂഎച്ച്ഒ ഇമ്യൂണൈസേഷന് മേധാവി കേറ്റ് ഒബ്രെയിന്‍ പറഞ്ഞു. ചൈനയുടെ സിനോഫാം, ഇന്ത്യയില്‍നിന്ന് എത്തിച്ച കോവിഷീല്‍ഡ് എന്നിവയാണ് സീഷെല്‍സില്‍ വാക്സിനേഷനായി വിതരണം ചെയ്തത്.
അതേസമയം മെയ് എട്ടുവരെയുള്ള കണക്ക് അനുസരിച്ച് രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച ആരും മരിച്ചിട്ടില്ലെന്ന് സീഷെല്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.