വരുമാനം കുറയും; വൻ സാമ്പത്തിക നഷ്ടമുണ്ടാകും: സ്വകാര്യബസുകൾ ഉടൻ ഓടിക്കില്ലെന്ന് ഉടമകൾ

തിരുവനന്തപുരം : ലോക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയാലും സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് ഉടൻ പുനരാരംഭിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. നിലവിലെ മാനദണ്ഡം പാലിച്ച് ബസുകൾ സർവീസ് നടത്തിയാൽ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമെന്നാണ് ബസ് ഉടമകൾ പറയുന്നത്. സംസ്ഥാനത്ത് ആകെ 12000 സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്.

ഓറഞ്ച് എ മേഖലയില്‍ 24 ന് ശേഷവും ഓറഞ്ച് ബി മേഖലയില്‍ തിങ്കളാഴ്ചയ്ക്ക് ശേഷവും സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണങ്ങളോടെ സര്‍വ്വീസ് നടത്താൻ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാള്‍ക്കേ ഇരിക്കാനാകൂ, നിന്ന് യാത്ര ചെയ്യുന്നതും അനുവദിക്കില്ല തുടങ്ങിയ നിബന്ധനകളോടെയേ യാത്ര അനുവദിക്കൂ.
എന്നാൽ ഇത്തരത്തില്‍ സര്‍വ്വീസ് നടത്തിയാല്‍ പരമാവധി 15 പേര്‍ക്ക് മാത്രമേ ഒരേ സമയം യാത്ര ചെയ്യാനാകൂ. ഇങ്ങനെ നിബന്ധനയോടെ സര്‍വ്വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസുടമകളുടെ നിലപാട്. സര്‍വ്വീസ് നടത്തണമെങ്കില്‍ തൊഴിലാളികളുടെ കൂലി ഉള്‍പ്പെടെ സർക്കാർ സഹായിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

ലോക്ക്ഡൗണിന് ശേഷം കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതാണ്. നിബന്ധനകളോടെ സര്‍വ്വീസ് നടത്തി കൂടുതല്‍ നഷ്ടം ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമാണ് ബസുടമകൾ പറയുന്നത്.