വാഹന പരിശോധനയ്ക്ക്​ പൊലീസിനൊപ്പം സേവാഭാരതി പ്രവർത്തകർ; ഉത്തരേന്ത്യയല്ല കേരളമെന്ന് ടി സിദ്ദിഖ് ; വിവാദമായപ്പോൾ സേവാഭാരതി സേവനം പോലീസ് ഉപേക്ഷിച്ചു

പാലക്കാട്​: ​ലോക്​ഡൗൺ വാഹന പരിശോധനക്ക്​ പൊലീസിനൊപ്പം സംഘ്​പരിവാർ സംഘടനയായ സേവാഭാരതിയു​ടെ പ്രവർത്തകർ യൂണിഫോമിൽ റോഡിലിറങ്ങിയത്​ വിവാദമായി. തിങ്കളാഴ്​ച രാവിലെ പാലക്കാട്​ നഗരത്തിനു സമീപം കാടാംകോട് ജംഗ്​ഷനിലാണ്​ ആണ്​ സംഭവം. പൊലീസുകാരോടൊപ്പം സേവാഭാരതി വോളൻറിയർമാരും യാത്രക്കാരോട്​ യാത്രയുടെ ഉദ്ദേശം ചോദിച്ചറിയുന്നുണ്ടായിരുന്നു.

ഞായറാഴ്​ചയും സേവഭാരതി പ്രവർത്തകർ പൊലീസിനെ സഹായിക്കാൻ എത്തിയിരുന്നെങ്കിലും യൂണിഫോം ധരിച്ചിരുന്നില്ല. തിങ്കളാഴ്​ച സേവഭാരതി, പാലക്കാട്​ എന്നെഴുതിയ കുങ്കുമ നിറമുള്ള ടീ ഷർട്ടും കാക്കി പാൻറും ധരിച്ചാണ്​ വോളൻറിയർമാർ നിരത്തിലിറങ്ങിയത്​. ഇവരിൽ ചിലർ കൊറോണ പ്രോട്ടോകോൾ ലംഘിച്ച്​, മാസ്​ക്​ താഴ്​ത്തി യാത്രക്കാരോട്​ സംസാരിക്കുന്നതായ ചി​ത്രങ്ങളും സോഷ്യൽമീഡിയ വഴി പുറത്തുവന്നിട്ടുണ്ട്​.

പാലക്കാട് കാടാംകോട് സേവാഭാരതി എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച പ്രവര്‍ത്തകര്‍ പൊലീസിന് ഒപ്പം വാഹന പരിശോധന നടത്തുന്ന ചിത്രം സാമൂഹ്യ മാധ്യമത്തിലൂടെ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് പങ്കുവച്ച്‌ ഇതിനെതിരേ രംഗത്തുവന്നു.
പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നല്‍കുന്നത് ശരിയാണോയെന്ന് പരിശോധിക്കണം. പൊലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട്‌കൊണ്ട് ആവരുത്. ഉത്തരേന്ത്യയല്ല കേരളമെന്നും ടി സിദ്ദിഖ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ടി സിദ്ദിഖിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങിനെ

പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.

എന്തായാലും സംഭവം വിവാദമായതോടെ, പോലീസിനും ആഭ്യന്തര വകുപ്പിനും എതിരേ രൂക്ഷ വിമർശനം ഉയർന്നു.തുടർന്ന് നിരവധി പേർ ഇതിനെതതിരേ രംഗത്തെത്തി. ഇതോടെ പൊലീസ്​, സേവാഭാരതി വോളൻറിയരുടെ സേവനം വേണ്ടെന്ന് വച്ച് തടിതപ്പി.