കൊറോണ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്ന് കെജിഎംഒ

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ കൊറോണ ബാധിതരാകുമ്പോൾ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒ. ജോലി ഭാരം കുറയ്ക്കണമെന്നും കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും കെജിഎംഒ ആശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകരുടെ ഉറ്റബന്ധുക്കൾക്ക് വാക്‌സിൻ ഉറപ്പാക്കണമെന്നും കെജിഎംഒ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

സംസ്ഥാനത്ത് രണ്ടാം കൊറോണ തരംഗത്തിൽ നിരവധി ആരോഗ്യപ്രവർത്തകർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വാക്‌സിൻ എടുത്തിട്ടും കൊറോണ സ്ഥിരീകരിക്കുന്ന സ്ഥിതിയാണുള്ളത്. ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ കുറവുള്ളതിനാൽ കൂടുതൽ ജോലിയാണ് ഇവർ ചെയ്യുന്നത്.

നേരത്തെതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഗുരുതരമായ സാഹചര്യമാണുള്ളത്. ഈ അവസ്ഥയിൽ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നു. പഞ്ചായത്ത് ബ്ലോക്ക് തലത്തിൽ വിരമിച്ച ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തി ടെലിമെഡിസിൻ സെന്റർ സ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

പിജി പഠനത്തിന് പോയ ഡോക്ടർമാരെ തിരികെ വിളിച്ചു പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കണം. മുൻഗണന ക്രമം നിശ്ചയിച്ച്‌ 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ നടപടികൾ ഉടൻ ആരംഭിക്കണം. ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങളെയും മുൻഗണനാ വിഭാഗത്തിൽ ഉൾപെടുത്തണം.