ന്യൂഡെൽഹി / അഹമ്മദാബാദ് : കൊറോണ ഭേദമായവരില്‍ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോര്‍മൈക്കോസിസ് രോഗം ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. ഗുജറാത്തിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോര്‍മൈക്കോസിസ് രോഗം പടരുന്നതായുള്ള ആശങ്കയെ തുടര്‍ന്ന് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ നേതൃത്വത്തില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിൽ എല്ലാ സര്‍ക്കാര്‍ സിവില്‍ ആശുപത്രികളും അത്തരം രോഗികളുടെ ചികിത്സയ്ക്കായി പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിക്കാന്‍ തീരുമാനം ആയി. അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്‌കോട്ട് , ഭാവ്‌നഗര്‍, ജാംനഗര്‍ എന്നിവിടങ്ങളിലാണ് പ്രത്യേകമായി വാർഡുകൾ ഒരുക്കുക.
ഗുജറാത്തിൽ നിലവില്‍ നൂറിലധികം കേസുകള്‍ പല ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദിലെ സിദാസ് ആശുപത്രിയില്‍ 40 ഓളം രോഗികളും, വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ 35 ഓളം രോഗികളും ചികിത്സയില്‍ ഉണ്ട്. ഇതേ തുടര്‍ന്ന് 3.12 കോടി രൂപ ചെലവില്‍ 5,000 ആന്റിഫംഗല്‍ ഇന്‍ജക്ഷന്‍ ആയ ആംഫോട്ടെറിസിന്‍-ബിക്ക് ഉത്തരവിട്ടതായി ശനിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
അപൂര്‍വ്വ ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ് എന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷേന്‍ പറയുന്നു. മ്യൂക്കോര്‍മൈസെറ്റിസ് എന്ന ഫംഗസാണ് രോഗം പരത്തുന്നത്. ഈ ഫംഗസിന് അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിക്കും. വായുവിലൂടെയാണ് ഫംഗസ് ശരീരത്തില്‍ എത്തുക. സൈനസിനെയും ശ്വാസകോശത്തെയുമാണ് ഇത് മുഖ്യമായി ബാധിക്കുക.
കണ്ണിനും മൂക്കിനു ചുറ്റുമോ കാണുന്ന വേദനയോട് കൂടിയ ചുവപ്പ നിറം,പനി, തലവേദന, കഫക്കെട്ട്,ശ്വാസ തടസ്സം, ഛര്‍ദ്ദി തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.
ശരീരത്തില്‍ മുറിവോ, പൊള്ളലേല്‍ക്കുകയോ ചെയ്താല്‍ അതുവഴി ത്വക്കിനും അണുബാധയേല്‍ക്കാമെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷേന്‍ പറയുന്നു. ചിലരില്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാനും ഇത് ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
ഈ രോഗം പ്രധാനമായും ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകളെയാണ് ബാധിക്കുന്നത്. അല്ലെങ്കില്‍ പ്രതിരോധ ശക്തി കുറഞ്ഞവരില്‍. കോറോണയില്‍ നിന്നും മുക്തരാകുന്ന ആളുകളിലും ഈ അണുബാധ വരാനുള്ള സാധ്യതയുണ്ട്. പ്രമേഹവും ആരോഗ്യപ്രശ്‌നവുമുള്ള ആളുകള്‍ക്കും ഉയര്‍ന്ന അപകടസാധ്യതയുണ്ട്.
നല്ല ശുചിത്വം പാലിക്കുക എന്നതാണ് പ്രതിരോധ നടപടികളില്‍ പ്രധാനം. പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും പതിവായി കൈ കഴുകുകയും വേണം. കണ്ണിലും മൂക്കിലും ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. മൂക്കിലോ കണ്ണിലോ തൊണ്ടയിലോ എന്തെങ്കിലും വീക്കം കണ്ടാല്‍, ഉടന്‍ ഡോക്ടറെ കാണുക. രോഗത്തിന്റെ ചികിത്സയില്‍ മ്യൂക്കോര്‍മിക്കോസിസ് നേരത്തേ കണ്ടുപിടിക്കുന്നത് നിര്‍ണായകമാണ്.