ന്യൂഡെൽഹി: ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗം കൊറോണ ബാധിച്ച് മരിച്ചു. രാജ്യസഭ എംപിയും ശിൽപിയുമായ രഘുനാഥ് മോഹപത്ര (78)യാണ് മരിച്ചത്. ഒരാഴ്ച്ചയായി ഒഡീഷയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു.
കൊറോണ വൈറസ് ബാധിച്ച് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. രണ്ടായിരത്തിലേറെ വിദ്യാർത്ഥികളുടെ ബൃഹത് വലയത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം. ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു.
2013 ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1976 ൽ പദ്മശ്രീ അവാർഡ് നേടിയ ഇദ്ദേഹത്തെ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചത് 2001 ലായിരുന്നു. പ്രമുഖനായ ശിൽപ്പിയും ആർക്കിടെക്റ്റുമാണ് രഘുനാഥ് മൊഹാപത്ര. പാർലമെന്റിലെ നടു ഹാളിൽ സ്ഥാപിച്ചിട്ടുള്ള ആറടി വലിപ്പമുള്ള ശിൽപ്പത്തിന്റെ നിർമ്മിതിയോടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.
ഭുവനേശ്വറിലെ ദ്വാലിഗിരിയിലെ ശാന്തി സ്തുപത്തിലെ, വെള്ളക്കല്ലിൽ തീർത്ത പതിനഞ്ച് അടി പൊക്കമുള്ള രണ്ട് ബുദ്ധ പ്രതിമകൾ,
രാജീവ് ഗാന്ധി സ്മാരകമായ വീർഭൂമിയിലെ 30 അടി x 30 അടി വലിപ്പമുള്ള, ഒറ്റ ഗ്രാനൈറ്റ് ശിലയിൽ നിർമ്മിച്ച വലിയ താമര, ഹരിയാനയിലെ സൂരജ്കുണ്ടിലുള്ള ചുവന്ന ശിലയിൽ തീർത്ത 15 അടി വലിപ്പമുള്ള മുക്തേശ്വർ വാതിൽ, ലഡാക്കിലെ ബുദ്ധിസ്റ്റ് സന്ന്യാസിമഠത്തിലെ 20 അടി വലിപ്പമുള്ള മൂന്ന് ബുദ്ധ പ്രതിമകൾ എല്ലാം രഘുനാഥ് മോഹപത്രയുടെ പ്രധാന ശിൽപ്പങ്ങളാണ്.