തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വർഷം മാർച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്‌ഇബി. നിരക്കു കൂട്ടുന്നെന്ന പ്രചരണം വ്യാജമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസത്തെ ബിൽ ഇപ്പോഴാണ് പലയിടങ്ങളിലും വന്നത്. ഇതിൽ പലരുടെയും ബിൽ തുക കൂടുതലാണ്. ഇതാണ് നിരക്ക് വർധനയെന്ന സംശയത്തിന് ഇട വരുത്തിയത്. 2019 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമവസാനം കെഎസ്‌ഇബി നിരക്ക് കൂട്ടിയത്.
ഈ വർഷം മാർച്ച് 31 വരെ നിരക്കിൽ വർധനവുണ്ടാവില്ലെന്ന് അന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഒരു ഉത്തരവ് ഇറക്കിയിരുന്നു. മാത്രമല്ല നിരക്ക് വർധിപ്പിക്കണമെന്ന് കെഎസ്‌ഇബി ഇപ്പോൾ ആവശ്യപ്പെട്ടിട്ടുമില്ല. ഇത് മനസ്സിലാക്കാതെയാണ് പലരും വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും കെഎസ്‌ഇബി പറഞ്ഞു.