തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽവന്ന സാഹചര്യത്തിൽ യാത്രാപാസിന് നിബന്ധനകളായി. പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ഇന്നു വൈകിട്ടോടെ നിലവിൽ വരും.
കേരള പോലീസിന്റെ വെബ്സൈറ്റിലാണ് പാസ് ലഭിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം.
അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒടിപി വരികയും അനുമതി പത്രം ഫോണില്‍ ലഭ്യമാവുകയും ചെയ്യും.
മരണം, ആശുപത്രി ,അടുത്ത ബന്ധുവിന്റെ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യത്തിന് മാത്രമാണ് പാസ്. ദിവസ വേതനക്കാർക്ക് ജോലിക്ക് പോകാൻ പാസ് അനുവദിക്കും. തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകിയാലും പാസ് ലഭ്യമാക്കും. അവശ്യ വിഭാഗത്തിലുൾപ്പെട്ടവർക്ക് പാസ് വേണ്ട, തിരിച്ചറിയൽ രേഖ മതി.
അടിയന്തര യാത്രകൾക്ക് ഇന്ന് സാക്ഷ്യപത്രം വേണമെന്നും പോലീസ് ആവശ്യപ്പെട്ടു. രോഗികളുടെ കൂട്ടിരിപ്പുകാർ ആശുപത്രി രേഖകൾ കൈയിൽ കരുതണം. ജില്ല വിട്ടുപോകാൻ സത്യപ്രസ്താവന നൽകണമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം. രാവിലെ ആറു മുതൽ വൈകുന്നേരം 7.30വരെയാണ് കടകൾ തുറക്കാൻ അനുമതി. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം.