തൃശ്ശൂർ: അന്തർ സംസ്ഥാന പണം ഇടപാട് ഉൾപ്പെട്ട കൊടകര കുഴൽ പണ കേസ് തൃശ്ശൂർ റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേസിൽ അന്തർ സംസ്ഥാന പണം ഇടപാട് ഉൾപ്പെടെ ഉള്ളതിനാലാണ് പുതിയ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
കേസിൽ പൊലീസ് ദിവസങ്ങൾക്ക് മുമ്പ് തെളിവെടുപ്പ് തുടങ്ങിയിരുന്നു.
പണം തട്ടാനുള്ള പ്രതികളുടെ യാത്ര പുനരാവിഷ്കരിച്ചായിരുന്നു തെളിവെടുപ്പ്. കവര്‍ച്ച നടത്തുന്നതിന്റെ തലേന്ന് രാത്രിയിൽ തൃശ്ശൂരില്‍ തങ്ങി പുലർച്ചെയാണ് കൊടകര വരെ പോയി സംഘം
കവർച്ച നടത്തിയത്. ഈ യാത്രയാണ് പ്രതികളുമായി പൊലീസ് നടത്തിയത്.
താമസിച്ച ലോഡ്ജ് മുതൽ കൊടകര മേൽപ്പാലം കഴിഞ്ഞ് നൂറ് മീറ്ററോളം യാത്ര നടത്തി. അപകടമുണ്ടാക്കി കവർച്ച നടത്തിയ രീതിയും ആസൂത്രണവുമടക്കം പ്രതികളിൽ നിന്നും ചോദിച്ചറിഞ്ഞു. തെളിവെടുപ്പിനിടയിൽ കൊരട്ടി സ്റ്റേഷനിൽ എത്തിച്ച് പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തു. രഞ്ജിത്, ദീപക്, മാർട്ടിൻ, ബാബു എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.
ഏപ്രിൽ മൂന്നിനാണ് മൂന്നര കോടിയോളം രൂപയും കാറും കൊടകരയിൽ ഗുണ്ടാ സംഘം കവർച്ച ചെയ്തത്. എന്നാൽ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ വഴി പൊലീസിന് പരാതി നൽകിയത്.