മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറായി ലോകപ്രശസ്ത വചന പ്രഘോഷകൻ ഫാ.ജോർജ് പനയ്ക്കൽ വീണ്ടും നിയമിതനായി

ചാലക്കുടി: ലോകത്തെ ഏറ്റവും വലിയ ധ്യാനകേന്ദ്രങ്ങളിലൊന്നായ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ഡയറക്ടറായി ലോക പ്രശസ്ത വചന പ്രഘോഷകൻ ഫാ.ജോർജ് പനയ്ക്കൽ വീണ്ടും നിയമിതനായി. ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ സ്ഥാപക ഡയറക്ടറാണ് ഫാ.ജോർജ് പനയ്ക്കൽ. ഫാ.ജോർജ് പനയ്ക്കലിൻ്റെ പുനർ നിയമനത്തിൽ ഏറെ സന്തോഷത്തിലാണ് വിശ്വാസികൾ.

1991 ൽ ഫാ.ജോർജ് പനയ്ക്കലും ഫാ.മാത്യു നായ്ക്കാംപറമ്പിലും ചേർന്ന് ആരംഭിച്ച ഡിവൈൻ ധ്യാനകേന്ദ്രം കേരളത്തിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൻ്റെ വൻ മുന്നേറ്റത്തിന് വഴിതെളിച്ചു. ആഴ്ചതോറുമുള്ള ധ്യാനത്തിന് പതിനായിരങ്ങളാണ് കേരളത്തിനകത്തും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഡിവൈനിൽ എത്തിചേർന്നത്. ആദ്യം മലയാളത്തിൽ ആരംഭിച്ച ധ്യാനം പിന്നീട് 13 ഭാഷകളിലേക്ക് വ്യാപിച്ചു.

വിശ്വാസ നവീകരണത്തിനൊപ്പം ജാതി മതഭേദമന്യേ പാവങ്ങളുടെയും രോഗികളുടെയും അശരണരുടെയും ആശാ കേന്ദ്രമായി ധ്യാനകേന്ദ്രം മാറി. എയ്ഡ്സ് രോഗികളുടെ പുനരധി വാസത്തിനായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ കേന്ദ്രം ആരംഭിച്ചതും ഫാ.ജോർജ് പനയ്ക്കലായിരുന്നു. പാവങ്ങളോടുള്ള ഫാ. പനയ്ക്കലിൻ്റെ കരുതലും സ്നേഹവും ധ്യാനകേന്ദ്ര സന്ദർശന വേളയിൽ വിശുദ്ധ മദർ തെരേസ പ്രത്യേകം അഭിനന്ദിച്ചിരുന്നു.

നിലവിൽ ഇംഗ്ലണ്ടിലെ കെൻ്റിലെയും ഡാർലിംഗ്ടണിലെയും ഡിവൈൻ കാർമ്മൽ റിട്രീറ്റ് സെൻ്റർ ഡയറക്ടറാണ് ഫാ.ജോർജ് പനയ്ക്കൽ. ഈ ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും ഫാ. പനയ്ക്കലാണ്. ഇംഗ്ലണ്ടുകാർക്കും മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കും കഴിഞ്ഞ ഏഴു വർഷമായി ആശ്വാസ കേന്ദ്രമാണ് ഈ ധ്യാനകേന്ദ്രങ്ങൾ.