ന്യൂഡെൽഹി: കൃത്യമായി എല്ലാവർക്കും വാക്സിനേഷൻ പൂർത്തിയാക്കാത്തത് ഉൾപ്പെടെയുള്ള കേന്ദ്രത്തിൻ്റെ നടപടികളാണ് രാജ്യത്ത് രണ്ടാം ഘട്ട കൊറോണ വ്യാപനത്തിന് കാരണമായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ സാഹചര്യത്തിൽ
ദുരഭിമാനം വെടിഞ്ഞ് യാഥാർഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഇനിയെങ്കിലും രാജ്യത്തെ കൊറോണ വാക്സിനേഷൻ ദ്രുതഗതിയിലാക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. എത്രയും വേഗം രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്സിനേഷൻ ലഭ്യമാക്കാനുള്ള നടപടി എടുക്കണം.സർക്കാരിന്റെ വീഴ്ചയാണ് രാജ്യത്തെ വീണ്ടും ലോക്ക്ഡൗണിലേക്ക് നയിച്ചത്. കൊറോണ വ്യാപനത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകണം.
ഇന്ത്യയെ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം. മറിച്ചായാൽ വൈറസിന്റെ വ്യാപനം രാജ്യത്ത് രൂക്ഷമാകും. ഈയൊരു സാഹചര്യത്തിൽ കഴിയുന്നതെല്ലാം ചെയ്യണം. ഇന്ത്യയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വലുതായിരിക്കുമെന്നും രാഹുൽ ഗാന്ധി കത്തിലൂടെ മുന്നറിയിപ്പ് നൽകി.