തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി തുടക്കം; റേഷൻ കാർഡ് ഉടമകൾക്ക് 2000 രൂപ നൽകാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ഉത്തരവ്

ചെന്നൈ: കൊറോണ ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാൻ അർഹതയുള്ള റേഷൻ കാർഡ് ഉടമകൾക്ക് ആദ്യഗഡുവെന്ന നിലയിൽ 2000 രൂപ നൽകാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ കെ സ്റ്റാലിൻ ഉത്തരവിട്ടു. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിൽ സ്റ്റാലിൻഒപ്പുവച്ചത്.

കൊറോണ പശ്ചാത്തലത്തിൽ പാവപ്പെട്ടവർക്ക് 4,000 രൂപ ധനസഹായമായി നൽകുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഡി.എം.കെ. വാഗ്ദാനം ചെയ്തിരുന്നു. 4,153.39 കോടി ചെലവു വരുന്ന ഈ പദ്ധതി 2.07 കോടി റേഷൻ കാർഡ് ഉടമകൾക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.

സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആവിൻ കമ്പനിയുടെ പാലിന് മേയ് മൂന്നുമുതൽ മൂന്നുരൂപ കുറയ്ക്കും.’മേയ് എട്ടുമുതൽ സർക്കാർ ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര. സർക്കാർ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന് സബ്സിഡിയായി 1,200 കോടി രൂപ നൽകും. മുഖ്യമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിലെ കൊറോണ ചികിത്സാച്ചെലവ് സർക്കാർ നൽകും.

മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തിൽ പദ്ധതി പ്രകാരം ജനങ്ങൾ സമർപ്പിക്കുന്ന പരാതികൾ പരിഹരിക്കാൻ ഐ.എ.എസ്. ഓഫീസർ അധ്യക്ഷനായ വകുപ്പ് രൂപവത്കരിക്കും. ഇവയാണ് തെരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിരുന്നവയും നടപ്പാക്കാൻ സർക്കാർ ഉത്തരവിട്ടതുമായ മറ്റ് കാര്യങ്ങൾ.