കൊച്ചി: ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടിക്കെതിരെ സ്വകാര്യ ലാബുകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപവരെയെ ചെലവ് വരികയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു.
ആർ.ടി.പി.സി.ആർ. പരിശോധനയുടെ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി ചോദ്യംചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ദേവി സ്കാൻസ് പ്രൈവറ്റ് ലിമിറ്റിഡ് ഉൾപ്പെടെ പത്തു സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഇറക്കുമതിചെയ്ത പരിശോധനാകിറ്റ് ഉപയോഗിച്ച് 4500 രൂപ നിരക്കിൽ പരിശോധന നടത്താൻ സുപ്രീംകോടതി നേരത്തേ സ്വകാര്യ ലാബുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഉത്തരവിറക്കാൻ സംസ്ഥാനസർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു.
ഇത് ആറാം തവണയാണ് കൊറോണ പരിശോധനാനിരക്ക് കുറച്ചത്. കൊറോണ കാലത്തിന്റെ തുടക്കത്തിൽ ആർ.ടി.-പി.സി.ആർ. പരിശോധനയ്ക്ക് ഈടാക്കിയിരുന്ന നിരക്ക് 4500 രൂപ മുതൽ 5,000 രൂപ വരെയായിരുന്നു. പരിശോധനാ കിറ്റിന്റെ നിരക്ക് ഏറെ കുറയുകയും അവ ആവശ്യാനുസരണം ലഭ്യമാകുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നിരക്ക് കുറച്ചത്.