കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യത്ത് ഇന്ധനവില ദിനംപ്രതി വർദ്ധിക്കുന്നു. ഇന്ധന വില പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധന വില വർദ്ധിക്കുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91 രൂപ 43 പൈസയും, ഡീസലിന് 86 രൂപ 20 പൈസയുമാണ് ഇന്നത്തെ വില.തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93 രൂപ 25 പൈസയും, ഡീസലിന് 87 രൂപ 90 പൈസയുമായി. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 30 പൈസയും വർദ്ധിപ്പിച്ചിരുന്നു.
കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടൽ അടക്കമുള്ള കൊറോണ പ്രതിരോധ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വിലയും ഡോളർ-രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് രാജ്യത്ത് എണ്ണവില നിശ്ചയിക്കുന്നത്. യു എസിൽ എണ്ണ ആവശ്യകത വർദ്ധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാനാണ് സാദ്ധ്യത. ബാരലിന് 68 ഡോളറിന് മുകളിലാണ് ഇപ്പോഴത്തെ നിരക്ക്.