വുഹാൻ: ലോകമെങ്ങും
കോറോണയുടെ രണ്ടാം തരംഗത്തിൽ ആടി ഉലയുമ്പോൾ വൈറസിൻ്റെ പ്രഭവ കേന്ദ്രമായ വുഹാനിലുള്ളവർ ഇങ്ങനെയൊരു വൈറസിനെ തന്നെ മറന്നുപോയെന്ന് തോന്നുന്നു. കൊറോണ മഹാമാരിയിൽ തകർന്ന് ഇപ്പോൾ ഉയർത്തെഴുനേൽക്കുകയാണ് രാജ്യം. പലരും മാസ്ക് ഇടാതെയും സമൂഹ്യ അകലം പാലിക്കാതെയും മെയ് ദിനം മുതല്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സ്ട്രോബെറി സംഗീതോത്സവത്തിലാണ് ആയിരങ്ങൾ ഒത്തുകൂടി ആഘോഷിക്കുന്നത്.
അടുത്തിടെ പുറത്തുവന്ന വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ വര്‍ഷം കൊറോണ നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ ഓണ്‍ലൈനിലായിരുന്നു. എന്നാൽഇത്തവണയും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സംഗീതോത്സവ സംഘാടകര്‍ അറിയിച്ചത്. ഏകദേശം 11,000 പേര് പങ്കെടുത്തു.
ചൈനയിലെ പ്രമുഖ ബാൻഡുകളും ഗായകരും അണിനിരക്കുന്ന ഫെസ്റ്റ് വുഹാനിലെ ഗാർഡൻ എക്സ്പോ പാർക്കിലാണ് നടന്നത്. വുഹാൻ നഗരം ഇപ്പോൾ കോറോണ മുക്തമാണെന്നാണ് ഔദ്യോഗിക വിശദീകരണം. കര്‍ശനമായ നിയന്ത്രണങ്ങളും ലോക്ഡൗണും കൊണ്ടാണ് വൈറസിനെ ഓടിക്കാന്‍ കഴിഞ്ഞതെന്ന് അധികൃതർ പറഞ്ഞു.
ഇപ്പോള്‍ ഇടയ്ക്ക് ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നല്ലാതെ പൊതുവെ രോഗവ്യാപനമില്ല. ഗാവോ യൂച്ചെന്‍ എന്ന 23 കാരി പറയുന്നതിങ്ങനെ.
“കഴിഞ്ഞ വര്‍ഷം കൊറോണ കാരണം കുറേ അനുഭവിച്ചു. ഇന്നത്തെ ഈ അവസ്ഥയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. കഠിനമായ പരിശ്രമത്തിലൂടെയാണ് വൈറസ് വിമുക്തമായത്. അതുകൊണ്ട് ഇന്ന് ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ വളരെ ആവേശം തോന്നുന്നു”. ചൈനയില്‍ ആകെ 90,671 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. 4636 പേര് മരിച്ചു. കൂടുതലും വുഹാന്‍ സ്വദേശികളായിരുന്നു. 27.5 കോടി ഡോസ് പ്രതിരോധ വാക്സിന് നല്കി.