ജേക്കബ് തോമസിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് അനുമതി

തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയുമായ ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ അനുമതി. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ രാജപാളയത്ത് 2001ൽ 50.55 ഏക്കർ വസ്തു വാങ്ങിയ വിവരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയപ്പോൾ സർക്കാരിൽനിന്നും മറച്ചുവച്ചെന്നും ഈ വസ്തു അനധികൃതമായി സമ്പാദിച്ചതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

എന്നാൽ ഈ വസ്തുവിനെക്കുറിച്ചുള്ള വിവരം ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിലെഴുതിയ പുസ്കത്തിൽ അദ്ദേഹം പരാമർശിച്ചിരുന്നു. 1985 ബാച്ച് ഐപിഎസ് ഓഫിസറാണു ജേക്കബ് തോമസ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് 2017 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം അവസാനമാണു മെറ്റല്‍സ് ഇന്‍ഡസ്ട്രീസസ് ലിമിറ്റഡ് എംഡിയായി നിയമിച്ചത്. 2015ൽ ഡിജിപി പദവിയിലെത്തി. ഈ വര്‍ഷം മേയ് വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി.