തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പതിനെട്ടാം തീയതി ചൊവാഴ്‌ച നടക്കും. കൊറോണ പ്രോട്ടോക്കാൾ പാലിച്ച് രാജ്ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ. സി പി എമ്മിലെ കേരളത്തിലെ പി ബി മെമ്പർമാർ തമ്മിലുളള യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. പതിനെട്ടാം തീയതി വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം.
സാങ്കേതികമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീണ്ടേക്കും. മന്ത്രിമാരുടെ ബന്ധുക്കൾ പരിപാടിയിൽ പങ്കെടുക്കുന്നതിലും ചർച്ചകൾ തുടരുകയാണ്. പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം.
പരമാവധി 21 മന്ത്രിമാർ ഉണ്ടായേക്കുമെന്ന് കരുതുന്ന മന്ത്രിസഭയിൽ സിപിഐ യ്ക്ക് നാലു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും നൽകിയേക്കും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനം എടുത്തത്.
കൊറോണ സാഹചര്യത്തിൽ ഉടൻ സത്യപ്രതിജ്ഞാ വേണ്ടെന്ന തീരുമാനം മുഖ്യമന്ത്രി തന്നെ യോഗത്തിൽ വ്യക്തമാക്കുകയായിരുന്നു. ഇക്കാര്യം എല്ലാവരും അംഗീകരിച്ചു. അതേസമയം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന മന്ത്രിസഭയാകും എത്തുമെന്നാണ് കരുതുന്നത്.
മന്ത്രിസ്ഥാനത്തേക്കുള്ള പേരുകൾ സംബന്ധിച്ച കാര്യം യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നാണ് വിവരം. എത്ര മന്ത്രിമാർ വേണമെന്ന കാര്യത്തിൽ തീരുമാനം എടുത്ത ശേഷമായിരിക്കും ഇക്കാര്യം തീരമാനം എടുക്കുക. ഇതിനായി മറ്റ് കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളാണ് ഇനി നടക്കേണ്ടിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കും. പ്രധാന കക്ഷികളായ സിപിഐ യുടെ നേതൃയോഗം 15 ശേഷമായിരിക്കും ചേരുക. ഈ യോഗത്തിലാകും സിപിഐ തീരുമാനം എടുക്കുക. സിപിഐയിലും ഭൂരിഭാഗം പേരും പുതുമുഖങ്ങളാകും. അതേസമയം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് വീണ്ടും അവസരം നൽകണമെന്ന് അഭിപ്രായം ഉയരുന്നുണ്ട്.
ഇന്നലെ വൈകിട്ട് സിപിഎമ്മിന്റെ പിബി യോഗം നടന്നിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത യോഗം ഓൺലൈനായിട്ടായിരുന്നു നടന്നത്. യോഗത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് തീരുമാനം എടുത്തിരുന്നു. 2016 മേയ് 25നാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്