എസ്എന്‍ഡിപി വാര്‍ഷികവും തെരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്ന് ഒരുവിഭാഗം; കൊറോണയുടെ മറവില്‍ വെള്ളാപ്പള്ളി യോഗ ഭരണം പിടിക്കാൻ ശ്രമമെന്ന് ആരോപണം

ആലപ്പുഴ: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗ വാര്‍ഷികവും തെരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി അംഗങ്ങൾ.കൊവിഡിന്റെ മറവില്‍ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ഭരണം വീണ്ടും കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്.

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി ശ്രീനാരായണ സഹോദര ധര്‍മവേദി ഉള്‍പ്പടെയുള്ള വിവിധ ശ്രീനാരായണീയ സംഘടനകള്‍ രംഗത്തെത്തി. ഈ മാസം 22ന് എസ്എന്‍ഡിപി യോഗത്തിന്റെ 114ാമത് വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ചേര്‍ത്തല ശ്രീനാരായണ കോളജില്‍ നടത്താനാണ് വെള്ളാപ്പള്ളി നടേശന്‍റെ തീരുമാനം.

കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ഗുണകരമല്ല എന്നാണ് ഒരു പക്ഷത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പിനായുള്ള നോമിനേഷന്‍ ഫോം വാങ്ങാനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും മാത്രമായി നിരവധി ആളുകളാണ് ആണ് യോഗം ആസ്ഥാനത്തേക്ക് എത്താന്‍ ഇരിക്കുന്നത്. കഴിഞ്ഞ ദിവസം അന്‍പതില്‍പരം വരുന്ന ശ്രീനാരായണ സംഘടനകളുടെ നേതാക്കള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊല്ലം എസ്എന്‍ഡിപി ആസ്ഥാനത്തെത്തിയിരുന്നു. ഇത് ചെറിയ തോതില്‍ വാക്കുതര്‍ക്കത്തിന് വഴിവച്ചു.

നോമിനേഷന്‍ ഫോം വാങ്ങാനെത്തിയ ശ്രീനാരായണീയരെ തടയാന്‍ ശ്രമിച്ച് സംഘര്‍ഷം ഉണ്ടാക്കുന്നത് യോഗ നേതാക്കള്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്ന് ശ്രീനാരായണ സഹോദര ധര്‍മ്മവേദി ജനറല്‍ സെക്രട്ടറി സൗത്ത് ഇന്ത്യന്‍ വിനോദ് പറഞ്ഞു. കോളജ് കെട്ടിടത്തിന് അകത്താണ് വോട്ടെടുപ്പ് ഉണ്ടാവുക. യോഗത്തില്‍ പങ്കെടുക്കാനായി ആയിരക്കണക്കിനാളുകള്‍ക്ക് പാസ് നല്‍കുകയും വേണം. ഇതു വലിയ തോതില്‍ കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ ആശങ്ക.

തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവയ്ക്കണം എന്നാണ് ഉയരുന്ന ആവശ്യം. കൊല്ലത്തെ യോഗം ഓഫീസില്‍ ഏറെനേരം നീണ്ടുനിന്ന സംഘര്‍ഷാവസ്ഥയ്ക്ക് ഒടുവില്‍ പൊലീസെത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.