ലോക്ക്ഡൗണിനിടെ സംഘം ചേര്‍ന്ന് ബക്കറ്റ് ചിക്കന്‍: 5 പേർ പിടിയിൽ

പരപ്പനങ്ങാടി: ലോക്ക്ഡൗണിനിടെ സംഘം ചേര്‍ന്ന് ബക്കറ്റ് ചിക്കന്‍ പാചകം ചെയ്ത അഞ്ച് യുവാക്കളെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് യുവാക്കള്‍ കൂട്ടംകൂടി ബക്കറ്റ് ചിക്കന്‍ തയ്യാറാക്കുന്നത് കണ്ടത്. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പൊലീസിനെ കണ്ടതും യുവാക്കളില്‍ ഒരാള്‍ ഓടിപ്പോയി. അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
ഡ്രോണ്‍ ക്യാമറ വഴി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആകാശ നിരീക്ഷണത്തില്‍ വാറ്റ് നടത്തിയതിന്റെയും മറ്റ് പാചകങ്ങള്‍ നടത്തിയതിന്റെയും ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച മേഖലയില്‍ രാത്രി പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ബക്കറ്റ് ചിക്കന്‍ തയ്യാറാക്കുന്ന ആറംഗ സംഘത്തെ കണ്ടതെന്ന് സിഐ പറഞ്ഞു. തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ ലംഘനം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് പരപ്പനങ്ങാടി ഉള്ളണം കൊടക്കാട് ആനങ്ങാടി എന്നിവിടങ്ങളില്‍ പരപ്പനങ്ങാടി പൊലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തിയിരുന്നു. പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.