കൊച്ചി: ട്രെയിനിൽ യുവതിയെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടനെ പിടികൂടാൻ ലുക്ക് ഒനട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും യാതൊരു സൂചനയും പൊലീസിന് ലഭിച്ചില്ല. മുളന്തുരുത്തി കാരിക്കോട് കാർത്ത്യായനി ഭവനിൽ രാഹുലിന്റെ ഭാര്യ ആശയാണ് കഴിഞ്ഞദിവസം ആക്രമണത്തിന് ഇരയായത്.
ആശയുടെ ഇടതുകൈയിലെ ഒരു വിരലിൽ ഒടിവുണ്ടായിരുന്നു. ഇന്നലെ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതായും ഭക്ഷണം കഴിക്കാൻ തുടങ്ങിയതായും ഭർത്താവ് രാഹുൽ പറഞ്ഞു. റെയിൽവെ പൊലീസ് സൂപ്രണ്ട് രാജേന്ദ്രൻ ആശുപത്രിയിലെത്തി യുവതിയുടേയും ഭർത്താവിന്റേയും മൊഴിയെടുത്തു.
ലോക്കൽ പൊലീസിന്റെ സഹായത്തോടെ റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും വിവിധ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതി ട്രെയിനിൽ നിന്ന് ചെങ്ങന്നൂരിൽ ഇറങ്ങിയതായാണ് സൂചന. യുവതിയിൽനിന്ന് തട്ടിയെടുത്തവയുടെ കൂടെയുണ്ടായിരുന്ന തിരിച്ചറിയൽ കാർഡ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഭിച്ചിട്ടുണ്ട്.
ട്രെയിനുകളിൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ള പ്രതി സ്ഥിരമായി ഒരിടത്തും തങ്ങുന്ന ആളല്ലെന്നാണ് വിവരം. ഇയാളുടെ നാട്ടിലും അന്വേഷണം നടത്തി ബന്ധുക്കളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ആരാഞ്ഞു. കുറ്റകൃത്യങ്ങൾക്കുശേഷം ഒളിവിൽ കഴിയാറുള്ള സ്ഥലങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. റെയിൽവേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.