മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിന് വോട്ട് ചോർച്ച. ഇത്തവണ 51,625 വോട്ടിന്റെ കുറവുണ്ട്. 2019നെ അപേക്ഷിച്ച് യുഡിഎഫിന് വോട്ട് കുറഞ്ഞു. എൽഡിഎഫിനു വോട്ട് കൂടി. ബിജെപിയുടെ വോട്ടിലും കുറവുണ്ടായി. കഴിഞ്ഞ തവണ യുഡിഎഫിൽ പി.കെ.കുഞ്ഞാലിക്കുട്ടി 5,89,873 വോട്ട് നേടിയെങ്കിൽ സമദാനിക്ക് 5,38,248 വോട്ടാണ് കിട്ടിയത്.
എൽഡിഎഫിൽ കഴിഞ്ഞ തവണയും സ്ഥാനാർഥിയായിരുന്ന വി.പി.സാനു ഇത്തവണ 4,23,633 വോട്ട് നേടി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ 3,29,720 വോട്ടേ നേടിയിരുന്നുള്ളൂ. 93,913 വോട്ടിന്റെ വർധന. എന്നാൽ എൻഡിഎയ്ക്കായി കഴിഞ്ഞ തവണ വി.ഉണ്ണിക്കൃഷ്ണൻ 82,332 വോട്ട് നേടിയിരുന്നെങ്കിൽ ഇത്തവണ ബിജെപി ദേശീയ ഉപാധ്യക്ഷനും മുൻ എംപിയുമായ എ.പി.അബ്ദുല്ലക്കുട്ടിക്ക് 68,935 വോട്ടേ നേടാനായുള്ളൂ. 13,397 വോട്ടിന്റെ കുറവ്.
ഇതിനു പുറമേ എസ്ഡിപിഐയ്ക്കും വോട്ട് വർധനയുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി 19,106 വോട്ടാണ് നേടിയതെങ്കിൽ ഇത്തവണ മത്സരിച്ച ദേശീയ സെക്രട്ടറിയും ഡൽഹി സ്വദേശിയുമായ തസ്ലിം റഹ്മാനി 46,758 വോട്ട് നേടി. സ്വതന്ത്രരായി മത്സരിച്ച സയ്യിദ് സാദിഖലി തങ്ങൾ 10479 വോട്ടും യൂനുസ് സലിം 7,044 വോട്ടും നേടി.
പല നിയമസഭാ മണ്ഡലങ്ങളിലെയും ലീഡ് നില മാറിമറിഞ്ഞെങ്കിലും തുടർച്ചായ കുതിപ്പോടെയാണ് 1,14,615 വോട്ടിന്റെ ഭൂരിപക്ഷവുമായി മുസ്ലിം ലീഗിലെ എം.പി.അബ്ദുസ്സമദ് സമദാനിയുടെ വിജയം. ഒരു ഘട്ടത്തിലും എതിർ സ്ഥാനാർഥികളെ മുന്നിലെത്താൻ അനുവദിക്കാതെയാണ് ജയം.
നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പും നടന്ന അപൂർവ സാഹചര്യമായിരുന്നു ഇത്തവണ. രാഷ്ട്രീയ വിഷയങ്ങൾ പരസ്പരം സ്വാധീനിക്കാൻ സാധ്യതയുള്ള തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 2 തവണയും 5 ലക്ഷം വോട്ട് നേടിയ കുഞ്ഞാലിക്കുട്ടിയുടെ നേട്ടം തുടരാൻ സമദാനിക്കുമായി. ഇടത് തരംഗം ആഞ്ഞടിച്ച നിയമസഭാ തിരഞ്ഞെടുപ്പിനിടെ വിജയം ആവർത്തിക്കാൻ സാധിച്ചുവെന്നതും സമദാനിയുടെ നേട്ടം.
നിയമസഭാ അടിസ്ഥാനത്തിൽ വേങ്ങരയിൽ 30,443, കൊണ്ടോട്ടിയിൽ 21,433, മലപ്പുറത്ത് 26,409, മങ്കടയിൽ 8,842, മഞ്ചേരിയിൽ 12,623, വള്ളിക്കുന്നിൽ 12,639, പെരിന്തൽമണ്ണയിൽ 533 എന്നിങ്ങനെയാണ് സമദാനിക്ക് ലഭിച്ച ഭൂരിപക്ഷം. കൊണ്ടോട്ടിയിലും മങ്കടയിലും പെരിന്തൽമണ്ണയിലും യുഡിഎഫ് നിയമസഭാ സ്ഥാനാർഥികളെക്കാൾ ഭൂരിപക്ഷം സമദാനിക്കുണ്ട്. എന്നാൽ വേങ്ങരയിലും മലപ്പുറത്തും മഞ്ചേരിയിലും വള്ളിക്കുന്നിലും കുറവുമാണ്. ഇതിനു പുറമേ തപാൽവോട്ടിൽ 1537 വോട്ടിന്റെ ലീഡുമുണ്ട്.
നേരത്തേ മഞ്ചേരി മണ്ഡലത്തിന്റെ ഭാഗമായിരുന്ന മണ്ഡലങ്ങൾ ചേർത്ത് രൂപീകരിച്ച മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ 2009ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഇ.അഹമ്മദ് 1,15,597 വോട്ടിനാണ് വിജയിച്ചത്. മഞ്ചേരിയിൽ ലീഗിനെ അട്ടിമറിച്ച എൽഡിഎഫ് സ്ഥാനാർഥി ടി.കെ.ഹംസയെയാണ് അന്ന് അഹമ്മദ് തോൽപിച്ചത്. അന്നത്തെക്കാൾ 982 വോട്ടിന്റെ കുറവുണ്ട് ഇത്തവണത്തെ ഭൂരിപക്ഷത്തിൽ.
2014ൽ ഇ.അഹമ്മദ് 1,94,739ന്റെ വോട്ടിന് എൽഡിഎഫിലെ പി.കെ.സൈനബയെയും 2017ൽ അഹമ്മദിന്റെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി 1,71,023 വോട്ടിന് എൽഡിഎഫിലെ എം.ബി.ഫൈസലിനെയും 2019ൽ കുഞ്ഞാലിക്കുട്ടി 2,60,153 വോട്ടിന് സാനുവിനെയും പരാജയപ്പെടുത്തിയതാണ് ഇതിനു മുൻപത്തെ വലിയ ഭൂരിപക്ഷങ്ങൾ.