കൊച്ചി: ദേവികുളം, ഗുരുവായൂർ,തലശ്ശേരി മണ്ഡലങ്ങളിലെ ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയി എന്നതിനെ ചൊല്ലി പാർട്ടിയിൽ വിവാദം കൊഴുക്കുന്നു.
തലശ്ശേരിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ പത്രിക തള്ളിപ്പോയിരുന്നു. എൻഡിഎക്കു സ്ഥാനാർഥി ഇല്ലാതിരുന്ന തലശ്ശേരിയിൽ സിറ്റിങ് എംഎൽഎ എ.എൻ.ഷംസീറിനു 36,801 വോട്ടിനാണ് വിജയിച്ചത്.
എൽഡിഎഫിനു കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ 11,069 വോട്ടും യുഡിഎഫിന് 8385 വോട്ടും അധികം ലഭിച്ചു. 514 വോട്ടുണ്ടായിരുന്ന നോട്ടയ്ക്ക് 2313 വോട്ട് ലഭിച്ചു. സ്വതന്ത്രൻ സി.ഒ.ടി.നസീറിന് വോട്ട് ചെയ്യാൻ ചില ബിജെപി നേതാക്കൾ ആഹ്വാനം ചെയ്തിരുന്നെങ്കിലും നേടാനായത് 1163 വോട്ട് മാത്രം. 2016 ൽ ബിജെപിക്കു 22,125 വോട്ട് ലഭിച്ചിരുന്നു.
ഗുരുവായൂരിൽ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെ തുടർന്ന്, ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) സ്ഥാനാർഥിയെ പിന്തുണച്ചെങ്കിലും വോട്ട് നാലിലൊന്നായി കുറഞ്ഞു. കഴിഞ്ഞ തവണ 25,490 വോട്ട് നേടിയ നിവേദിത സുബ്രഹ്മണ്യത്തിന്റെ പത്രികയാണു തള്ളിപ്പോയത്. ഡിഎസ്ജെപിയുടെ ദിലീപ് നായർ 6222 വോട്ട് നേടി.
ദേവികുളത്ത് എൻഡിഎ പത്രിക തള്ളിപ്പോയതിനെ തുടർന്നു മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തിയെങ്കിലും ലഭിച്ചത് 3184 വോട്ട്. സ്വതന്ത്രനായി പത്രിക നൽകിയ എൻ. ഗണേശനെ എഐഎഡിഎംകെയിൽ അംഗത്വം നൽകിയാണ് എൻഡിഎ സ്ഥാനാർഥിയാക്കിയത്. 2016 ൽ എഐഎഡിഎംകെ 11,613 വോട്ടും ബിജെപി 9592 വോട്ടും നേടിയിരുന്നു.