നാളെ സമ്പൂർണ്ണ നിയന്ത്രണമില്ല; സ്വയം നിയന്ത്രണങ്ങളിൽ ഒരു കുറവും വരുത്താൻ പാടില്ല; മുഖ്യമന്ത്രി

കണ്ണൂർ: സംസ്ഥാനത്ത് നാളെ സമ്പൂർണ്ണ നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം. എന്നാൽ, സ്വയം നിയന്ത്രണങ്ങളിൽ ഒരു കുറവും വരുത്താൻ പാടില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചു. എവിടെയും ജനക്കൂട്ടം കൂടി നിൽക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹമെന്ന നിലയിൽ നമ്മൾ സ്വീകരിക്കുന്ന മുൻകരുതൽ എല്ലാവരും പൊതുവെ അംഗീകരിക്കുകയും നടപ്പാക്കുകയും വേണം. അല്ലെങ്കിൽ വലിയ ഭവിഷ്യത്ത് നമ്മളെ കാത്തിരിക്കും. സർക്കാർ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളോട് യാന്ത്രികമായല്ല പ്രതികരിക്കേണ്ടത്. ഇത് സ്വന്തം ആവശ്യമാണെന്ന് കണ്ട് ഓരോരുത്തരും നിയന്ത്രണത്തിന്റെ ഭാഗമാകണം.

ഇന്നത്തെ ദിവസം വലിയ ആഘോഷങ്ങൾ നാടാകെ നടക്കേണ്ട ദിവസമാണ്. എന്നാൽ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി അത്തരം ആഘോഷം ഒഴിവാക്കാൻ കേരള ജനത തയ്യാറായത് അഭിമാനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് 31950 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 48 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ അവകാശികള്‍ ജനങ്ങളെന്ന് പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരില്‍ ജനങ്ങള്‍ വിശ്വസിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ വിശ്വസിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് പറഞ്ഞിരുന്നു. അത് അന്വര്‍ത്ഥമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പ വിജയം കാണിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിനെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.