ന്യുഡെൽഹി : കൊറോണ വ്യാപനം രൂക്ഷമായ ഡെൽഹിയിൽ ലോക്ക്ഡൗൺ നീട്ടി. ഓക്സിജൻ ക്ഷാമവും കൊറോണ വ്യാപനവും മരണവും വർധിച്ചതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയത്. നേരത്തേ തിങ്കളാഴ്ച രാവിലെ വരെയായിരുന്നു ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെൽഹിയിൽ 27,000 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. 375 മരണവും സ്ഥിരീകരിച്ചു. നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്താണ്. ഓക്സിജൻ ക്ഷാമത്തിന് പുറമെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതും ഡെൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിസന്ധയിലാക്കിയിരിക്കുകയാണ്.
ഓക്സിജൻ പ്രതിസന്ധിയിൽ ഇന്നും ബത്ര ആശുപത്രിയടക്കമുള്ളവരുടെ ഹർജി പരിഗണിച്ച ഡെൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. തലയ്ക്ക് മുകളിൽ വെള്ളമെത്തി, നിങ്ങളാണ് പ്രതിസന്ധി പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയത്. ഡെൽഹിക്ക് ആവശ്യമുള്ള 490 മെട്രിക് ടൺ ഓക്സിജൻ എങ്ങനെയെങ്കിലും ഇന്നുതന്നെ എത്തിച്ച് കൊടുക്കണമെന്നും കേന്ദ്രത്തിന് നിർദ്ദേശം നൽകി,
ഓക്സിജൻ പ്രതിസന്ധിയിൽ ആളുകൾ മരിക്കുന്നതിനോട് കണ്ണടക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പറഞ്ഞ കാര്യം ചെയ്തില്ലെങ്കിൽ ബാക്കി തിങ്കളാഴ്ച കേൾക്കാമെന്ന മുന്നറിയിപ്പോടെയാണ് പിരിഞ്ഞത്.