ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യതയുടെ അഭാവത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഡെല്‍ഹി ഹൈക്കോടതി. ‘വെള്ളം നമ്മുടെ തലയ്ക്ക് മുകളിലെത്തി. ഇനിയെങ്കിലും മതിയാക്കു. ക്രമീകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞത് നിങ്ങളാണ്. അതിനാല്‍ എന്ത് ചെയ്തിട്ട് ആയാലും ഡെല്‍ഹിക്കുള്ള ഓക്‌സിജന്‍ എത്തിച്ചു നല്‍കണം. ‘ കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.
അര്‍ഹതപ്പെട്ട ഓക്‌സിജന്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് ബത്ര ആശുപത്രി നല്‍കിയ ഹര്‍ജി പരിക്കണവെയാണ് കേന്ദ്രത്തോട് ഉള്ള ഹൈക്കോടതി നിര്‍ദ്ദേശം. ഡെല്‍ഹിക്ക് ആവശ്യമായ 490 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇന്ന തന്നെ എത്തിക്കണമെന്ന് ഉത്തരവിട്ട കോടതി അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് എട്ട് ജീവനുകള്‍ നഷ്ടമായി. ഇതിന് നേരെ കണ്ണടയക്കാന്‍ കോടതിക്കാവില്ല.80 മിനിറ്റ് ഓകസിജന്‍ നഷ്ടപ്പെടുക എന്നത് അംഗീകരിക്കാന്‍ കഴിയില്ല.കോടതി പറഞ്ഞു. ജസ്റ്റീസ് വിപിന്‍ സാംഗിയും രേഖ പിള്ളയുമടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജി പരിഗണിക്കുന്നത് തിങ്കാളാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും കോടതി തള്ളി. ഓക്‌സിജന്‍ കിട്ടാതെ ഡോക്ടറടക്കം എട്ട് കൊറോണ രോഗികള്‍ മരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ കോടതിയെ സമീപിച്ചത്. ഒരാഴ്ചക്കിടെ രണ്ടാം തവണയായാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം ഉണ്ടായത്