ലക്‌നൗ: സങ്കീർണ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി. നാളെ തുടങ്ങുന്ന വോട്ടെണ്ണലുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ടു പോകാമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കൊറോണ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. വീഴ്ചകളുണ്ടായാൽ ക്ലാസ് വൺ ഗസറ്റഡ് ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദികളെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കൊറോണ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്ന ഹർജിയിലാണ് കോടതി നടപടി.
അതെസമയം തെരഞ്ഞെടുപ്പ് ജോലിക്കിടെ 130 ലേറെ ജീവനക്കാർ കൊറോണ മൂലം മരണത്തിന് കീഴടങ്ങിയിരുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തർപ്രദേശിൽ 34,626 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 332 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു.