തിരുവനന്തപുരം: സംസ്ഥാനത്ത നിലവിൽ വാരാന്ത്യ നിയന്ത്രണം തുടരുന്നുണ്ടെങ്കിലും അടുത്തയാഴ്ച കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ (മെയ് നാലു മുതൽ ഒമ്പതു വരെ) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡമുണ്ടാകും. അതിന്റെ വിശദാംശങ്ങൾ ഉടൻ അറിയിക്കും. ചില കാര്യങ്ങളിൽ ദുരന്തനിവാരണ നിയമം അവശ്യമാണ്. അവിടങ്ങളിൽ അത് ഉപയോഗിക്കാൻ അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തും. ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകുന്ന വാഹനത്തിൽ ഓക്‌സിജൻ എമർജൻസി എന്ന സ്റ്റിക്കർ ധരിക്കണം. വ്യക്തമായി കാണാവുന്ന രീതിയിൽ വാഹനത്തിന്റെ മുന്നിലും പിറകിലും സ്റ്റിക്കർ ഒട്ടിക്കണം. തിരക്കിൽ വാഹനം വേഗം കടത്തിവിടാൻ ഇത് പൊലീസിനെ സഹായിക്കും. ഇക്കാര്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.വി സീരിയൽ ഔട്ട്ഡോർ, ഇൻഡോർ ഷൂട്ടിങ്ങുകൾ നിർത്തിവെക്കും. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ട് മീറ്റർ അകലംപാലിക്കുകയും രണ്ട് മാസ്ക് ധരിക്കുകയും വേണം. സാധിക്കുമെങ്കിൽ കൈയുറയും ധരിക്കണം. സാധനങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ കച്ചവടക്കാൻ ശ്രമിക്കണം. ബാങ്കുകളുടെ പ്രവർത്തന സമയം ഉച്ചക്ക് രണ്ടു മണി വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. അത് പാലിക്കാൻ ബാങ്കുകാർ തയാറാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.