ചെന്നൈ: കൊറോണ വാക്‌സിനുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പിന് പിഴ അടയ്ക്കാനാണ് ഉത്തരവ്. കേസിൽ നടന് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. കൊറോണ വാകസിനെടുത്തതിനെ തുടർന്നാണ് നടൻ വിവേകിന് ഗൃദയാഘാതമുണ്ടായതെന്നായിരുന്നു മൻസൂർ അലി ഖാൻ പറഞ്ഞത്.
കൊറോണ എന്നൊന്ന് ഇല്ലെന്നും ടെസ്റ്റുകൾ നിർത്തിയാൽ ആ നിമിഷം കൊറോണ ഇന്ത്യയിൽ കാണില്ലെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു. ‘ഇവിടെ ചോദിക്കാനും പറയാനും ഉത്തരവാദിത്തപ്പെട്ടവരില്ലേ എന്തിനാണ് നിർബന്ധിച്ച് കൊറോണ വാക്‌സിൻ എടുപ്പിക്കുന്നത് കുത്തി വയ്ക്കുന്ന മരുന്നിൽ എന്തൊക്കെയുണ്ടെന്ന് ആർക്കെങ്കിലും അറിയാമോ വിവേകിന് ഒരു കുഴപ്പവുമില്ലായിരുന്നു. കൊറോണ വാക്‌സിൻ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്.
കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നുണ്ട് ഇവിടെ കൊറോണ ഇല്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. പരിശോധന അവസാനിപ്പിക്കുന്ന ആ നിമിഷം കൊറോണ ഇന്ത്യയിൽ കാണില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തുടർന്ന് നടനെതിരേ ചെന്നൈ കോർപറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാരൻ പോലിസിൽ പരാതി നൽകുകയും വടപളനി പോലിസ് നടനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പൊതു സമൂഹത്തിൽ ഭീതിയും പകർച്ച വ്യാധിയും പടർത്താൻ ശ്രമിച്ചതിനടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
കേസിൽ മുൻകൂർ ജാമ്യം തേടി മൻസൂർ അലി ഖാൻ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് മദ്രാസ് ഹൈക്കോടതിയെ സമിപിച്ചത്. നടൻ വിവേകിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് കൊറോണ വാക്‌സിനേഷനെതിരെ അഭിപ്രായ പ്രകടനം നടത്തിയത് വികാരത്തള്ളിച്ച കൊണ്ടായിരുന്നുവെന്ന് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
പൊതു സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനോ ആരെയെങ്കിലും വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.