ന്യൂഡെൽഹി: കൊറോണ പ്രതിരോധ വാക്സിനായ കൊവിഷീൽഡ് സംസ്ഥാനങ്ങൾക്ക് ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്ഥാനങ്ങൾക്ക് വില നിശ്ചയിച്ചിരുന്നത്. അതേസമയം മറ്റ് നിരക്കുകളിൽ മാറ്റമുണ്ടാവില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
സംസ്ഥാനങ്ങൾ ഒരു ഡോസ് കോവിഷീൽഡ് വാക്സിന് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ, കേന്ദ്ര സർക്കാരിന് 150 രൂപ നിരക്കിൽ നൽകുമെന്നായിരുന്നു നേരത്തെ സിറം ഇൻസ്റ്റിറ്റിയൂട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനങ്ങൾക്ക് നിലവിലുള്ള നിരക്കിൽ നിന്ന് 25 ശതമാനം കുറയ്ക്കും. സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനാണ് ഈ തീരുമാനമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെവാല ട്വീറ്റിൽവ്യക്തമാക്കി.
ഓക്സ്ഫോഡ്ആസ്ട്രസെനിക്ക വികസിപ്പിച്ച വാക്സിൻ ഇന്ത്യയിൽ നിർമിക്കുന്നത് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഭാരത് ബയോടെക് ഐ..സി.എം.ആർ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് പ്രതിഡോസ് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കുമാണ് നൽകുക.