സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിൽസയ്ക്ക് ഡെൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശം

ന്യുഡെൽഹി: വിദഗ്ധ ചികിൽസയ്ക്ക് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഡെൽഹിയിലേക്ക് മാറ്റണമെന്ന് നിർദേശിച്ച് സുപ്രീംകോടതി. ഡെൽഹിയിലെ എയിംസ്, ആർഎംഎൽ പോലുള്ള എതെങ്കിലും ആശുപത്രിയിലേക്ക് കാപ്പനെ മാറ്റാനാണ് സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചത്. ഇതിൽ എവിടേക്ക് മാറ്റണമെന്ന കാര്യം ഉത്തർപ്രദേശ് സർക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

ചികിത്സയ്ക്ക് ശേഷം കാപ്പൻ തിരികെ മഥുര ജയിലിലേക്ക് പോകണമെന്നും ഉത്തരവിൽ പറയുന്നു.
ജാമ്യത്തിനായി കാപ്പൻ വിചാരണ കോടതിയെ നേരിട്ട് സമീപിക്കണമെന്നും കേസിൽ കേരള പത്രപ്രവർത്തക യൂണിയന്റെ ഹർജി തീർപ്പാക്കി കോടതി പറഞ്ഞു. വിശദമായ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

കാപ്പനെ ഡെൽഹിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന കോടതി നിരീക്ഷണത്തെ യുപി സർക്കാർ ശക്തമായി എതിർത്തിരുന്നു. ഡെൽഹിയിൽ കൊറോണ സാഹചര്യം രൂക്ഷമാണെന്നും ആശുപത്രി കിടക്കപോലും ലഭിക്കാൻ ബുദ്ധിമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. മഥുരയിൽ കാപ്പന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ഡെൽഹിയിലേക്ക് മാറ്റിയാൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും സോളിസറ്റർ ജനറൽ ചൂണ്ടിക്കാണിച്ചു. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. തുടർന്നാണ് യുപി സർക്കാരിന്റെ നിലപാട് തേടിയ ശേഷം കാപ്പനെ ഡെൽഹിയിലേക്ക് മാറ്റണമെന്ന് ഉത്തരവിട്ടത്.