എറണാകുളം: കടബാധ്യതകൾ മൂലമാണ് മകൾ വൈഗയെ കൊന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന സനുമോഹൻ്റെ മൊഴി കള്ളമാണെന്ന് പോലീസിൻ്റെ കണ്ടെത്തൽ. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് പൊലീസ് നിഗമനം. കൊച്ചിയിലെത്തിച്ച വൈഗ കൊല കേസ് പ്രതി സനുമോഹനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയായത്.
സനുമോഹന്റെ ഭാര്യയെ ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇവർ ഹാജരായില്ല. മൂന്ന് സംസ്ഥാനങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കി സനുമോഹനെ കൊച്ചിയിലെത്തിച്ചത് ഞായറാഴ്ചയാണ്. തുടർന്ന് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സനുവിനെ ചോദ്യം ചെയ്തത്. വൈഗയെ കൊല്ലാൻ സാന്പത്തിക പ്രശ്നമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
സനുമോഹന്റെ ഭാര്യയോട് ചോദ്യം ചെയ്യാലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ അടുത്ത ദിവസം എത്താമെന്നറിയിച്ചു. പ്രതിയെ ഭാര്യയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. വൈഗയ്ക്ക് അവസാനമായി ഭക്ഷണം വാങ്ങി നൽകിയ അരൂരിലെ ഹോട്ടലിൽ നാളെ തെളിവെടുപ്പ് നടത്തിയേക്കും. ജ്യൂസിൽ മദ്യം കലർത്തി നൽകിയതാവാം വൈഗയുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ.
സനുമോഹൻ സഞ്ചരിച്ച കാറിന്റെ ഫൊറൻസിക് പരിശോധന ഫലം അടുത്ത ദിവസം ലഭിക്കും വ്യാഴാഴ്ചയാണ് സനുവിൻ്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. മൂന്ന് കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിൽ കൂടി പ്രതിയായ സനുവിനെ മുംബൈ പൊലീസും ഉടൻ ചോദ്യം ചെയ്യും.