വരും ദിവസങ്ങൾ യൂറോപ്പിന് കൂടുതൽ നിർണായകം: ലോക രോഗ്യസംഘടന

ജനീവ: കൊറോണയുടെ പ്രഭവ കേന്ദ്രമായി യൂറോപ്പ് മാറുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊറോണ വൈറസ് കനത്ത നാശം വിതച്ച യൂറോപ്പിന് ഇനിയുള്ള ദിവസങ്ങളിലും ആശ്വസിക്കാന്‍ അധികം സൂചനകളില്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്നത്.

യൂറോപിലെ കൊറോണ രോഗികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ പത്തു ദിവസങ്ങളിലായി ഇതു തന്നെയാണ് നില. രോഗികളുടെ എണ്ണം അതിവേഗം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്.ബ്രിട്ടന്‍, തുര്‍ക്കി, ഉക്രെയ്ന്‍, ബെലാറസ്, റഷ്യ തുടങ്ങി രാജ്യങ്ങള്‍ക്ക് വരുന്ന ആഴ്ച വളരെ നിര്‍ണ്ണായകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖല ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ്പറഞ്ഞു.
ലോകത്തെ കൊറോണ ബാധിതരില്‍ പകുതിയോളം യൂറോപിലാണ്. യൂറോപില്‍ 84,000ത്തിലേറെ പേര്‍ കൊറോണ ബാധിച്ച് മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ എളുപ്പവഴികളില്ലെന്നും ചില രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനെ പരാമർശിച്ച് ഹാന്‍സ് ക്ലൂഗ് പറഞ്ഞു.

യൂറോപിലെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായത്. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്ന രാജ്യങ്ങള്‍ പുതിയ കേസുകൾ കണ്ടെത്തി പരിശോധിക്കാനും സമ്പര്‍ക്കത്തിലായവരെ തിരിച്ചറിയാനും ക്വാറന്റെയ്ന്‍ ചെയ്യാനുമുള്ള നടപടികള്‍ ഉറപ്പുവരുത്തണം. ജോലിസ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും വൃദ്ധസദനങ്ങള്‍ പോലുള്ളവയിലും പ്രത്യേകം സുരക്ഷാ നടപടികള്‍ ഒരുക്കിയ ശേഷം മാത്രമേ നിയന്ത്രണങ്ങള്‍ നീക്കാവൂ എന്നും ഹാന്‍സ് ക്ലൂഗ് ഓര്‍മ്മിപ്പിച്ചു.