കൊച്ചി: കേരളത്തിന് ആവശ്യത്തിനുള്ള ഓക്സിജനുണ്ടെന്നും സിലിൻഡറുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും ഓക്സിജൻ വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ പെസോയുടെ മുന്നറിയിപ്പ്. കൊറോണ വ്യാപനം രൂക്ഷമായതോടെ കേരളത്തിന്റെ ഓക്സിജൻ ആവശ്യം ഉയരുകയാണ്. ദിവസേന രണ്ടു ടണ്ണാണ് അധികമായി വേണ്ടത്. കഴിഞ്ഞയാഴ്ചവരെ ദിവസേന 76-86 ടൺ ഓക്സിജൻ മതിയായിരുന്നു. ഇപ്പോഴത് 95 ടണ്ണായി.
ഏപ്രിൽ 30 ആകുമ്പോഴേക്കും ആവശ്യം 103.51 ടൺ ആകുമെന്നാണ് പെസോയുടെ കണക്കുകൂട്ടൽ. തുടക്കത്തിൽ കൊറോണ ആവശ്യത്തിന് ദിവസേന 30-35 മെട്രിക് ടൺ ഓക്സിജൻ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ 50 ആയി ഉയർന്നു. കൊറോണ ഇതര ആവശ്യം ദിവസേന 45 ടണ്ണാണ്.
ഏപ്രിൽ 24-ന് കേരളത്തിൽ വേണ്ടിവന്നത് 95 ടൺ ഓക്സിജനാണ്. കേരളത്തിലെ ആശുപത്രികൾ ഓക്സിജൻ കിടക്കകളുടെ എണ്ണം കൂട്ടിത്തുടങ്ങിയതോടെ ഇതിനുവേണ്ടിയുള്ള ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ദിവസേന 200 ടണ്ണോളം ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ട്. തമിഴ്നാടിന് 90 ടണ്ണും കർണാടകത്തിന് 40 ടണ്ണും കേരളം നൽകുന്നുമുണ്ട്.
കേരളത്തിന് ആവശ്യത്തിനുള്ള ഓക്സിജനുണ്ടെന്നും സിലിൻഡറുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും പെസോ നോഡൽ ഓഫീസർ ഡോ. ആർ. വേണുഗോപാൽ പറഞ്ഞു. പ്ലാന്റുകളിൽ ഏഴ് മീറ്റർ ക്യൂബിന്റെ 1709 എണ്ണവും ഒന്നര മീറ്റർ ക്യൂബിന്റെ 467 സിലിൻഡറുകളുമുണ്ട്. ഓക്സിജൻ വിതരണക്കാരിലും ആശുപത്രികളിലും വേറേയും സിലിൻഡറുകളുണ്ട്. ഇത് പരമാവധി ഉപയോഗിക്കണം.
സംസ്ഥാനത്തെ 23 ഓക്സിജൻ നിറയ്ക്കൽ കേന്ദ്രങ്ങളിൽ 11 എണ്ണത്തിൽ എയർ സെപ്പറേഷൻ യൂണിറ്റുണ്ട്. ബാക്കിയുള്ളവയിൽ ലിക്വിഡ് ഓക്സിജൻ കൊണ്ടുവന്ന് നിറയ്ക്കുകയാണ്. ഇവ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കേരളം ഇപ്പോൾ ചെയ്യേണ്ടത്. എറണാകുളം (നാല്), തൃശ്ശൂർ (രണ്ട്), പാലക്കാട്, കണ്ണൂർ, മലപ്പുറം, ആലപ്പുഴ, തിരുവനന്തപുരം (ഒന്നു വീതം) എന്നിങ്ങനെയാണ് എയർ സെപ്പറേഷൻ യൂണിറ്റുള്ള ഫില്ലിങ് സ്റ്റേഷനുകൾ.
ഇവയുടെ പരമാവധി ഉത്പാദനശേഷി പ്രതിദിനം 42.65 ടൺ ആണ്. കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ (കെ.എം.എം.എൽ.) ഏഴ് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനോടൊപ്പംതന്നെ ഏഴ് ടൺ ഗേഷ്യസ് ഓക്സിജനും ഉത്പാദിപ്പിക്കാൻ കഴിയും.