ന്യൂഡെൽഹി: പതിനെട്ടു വയസിനു മുകളിലുള്ളവർക്ക് കൊറോണ വാക്സിൻ സ്വകാര്യ കേന്ദ്രങ്ങളിൽനിന്നും മാത്രമെന്ന് വ്യക്തമായി. സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകില്ലെന്നും കേന്ദ്രസർക്കാരിനു മാത്രമാകും നൽകുകയെന്നുമാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് കമ്പനികളിൽനിന്ന് നേരിട്ട് വാക്സിൻ വാങ്ങാം.
സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിന് പണം നൽകേണ്ടിവരും. സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് കോവീഷീൽഡ് വാക്സിന് 600 രൂപയും കോവാക്സിന് 1200 രൂപയുമാണ് വില.
വാക്സിനേഷനുള്ള നടപടികൾ ഇങ്ങനെ
രാജ്യത്തെ 18നും 45നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ സ്വകാര്യകേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും. വാക്സിൻ സ്വീകരിക്കാനായി കോവിൻ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.
ഏപ്രിൽ 28 ബുധനാഴ്ച മുതൽ യുവജനങ്ങൾക്ക് വാക്സിനായി രജിസ്ട്രർ ചെയ്യാം. മെയ് ഒന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ അല്ലെങ്കിൽ ക്ലിനിക്കുകൾ വഴി വാക്സിൻ ലഭ്യമാക്കും. സ്വകാര്യ ആശുപത്രികൾ വഴിയാണ് വാക്സിൻ സ്വീകരിക്കുന്നതിനാൽ ആളുകൾ സ്വന്തം കൈയിൽനിന്നും പണം ചിലവഴിക്കേണ്ടി വരും.
സ്വകാര്യ മേഖലയിൽ സിറം ഇൻസിറ്റിറ്റിയൂട്ടിന്റെ കൊവിഷിൽഡ് വാക്സിൻ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ 1200 രൂപയ്ക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികൾ അറിയിച്ചത്. സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യമേഖലയിലും വാക്സിൻ കൊടുക്കുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്.
കമ്പനികളിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങാൻ വിവിധ സംസ്ഥാനങ്ങൾ ചർച്ചകൾ തുടങ്ങിയെങ്കിലും വാക്സിൻ കൊടുക്കുന്ന കാര്യത്തിൽ കമ്പനികൾ കൃത്യമായ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് സൂചന. യുവജനങ്ങളുടെ വാക്സിനേഷൻ സ്വകാരമേഖലയിൽ നടക്കുമ്പോൾ 45 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ സർക്കാർ ആശുപത്രികളിൽ തുടരുമെന്നാണ് സൂചന.