ന്യൂഡെൽഹി: രാജ്യത്ത് കൊറോണ സാഹചര്യം രൂക്ഷമായിരിക്കെ ഡെൽഹിയിലെ ഓക്സിജൻ പ്രതിസന്ധിയിൽ എല്ലാ മുഖ്യമന്ത്രിമാരോടും സഹായാഭ്യർത്ഥനയുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ‘ഡെൽഹിയിലേക്ക് ഓക്സിജൻ എത്തിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് എല്ലാ മുഖ്യമന്ത്രിമാർക്കുമായി ഞാൻ ഈ കത്ത് എഴുതുന്നത്. നിങ്ങളുടെ കൈവശം അധികമായുണ്ടെങ്കിൽ ഞങ്ങളെ സഹായിക്കണം.
കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായം എത്തിക്കുന്നുണ്ടെങ്കിലും ഇവിടെ ഉള്ളതെല്ലാം അപര്യപ്തമാണെന്നാണ് തെളിഞ്ഞുകൊണ്ടിരിക്കുന്ന്’, കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. സംസ്ഥാനങ്ങളിൽ അധികമായുള്ള ഓക്സിജൻ നൽകി സഹായിക്കണമെന്നാണ് കെജ് രിവാൾ ആവശ്യപ്പെട്ടത്.
കൊറോണ വ്യാപനം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ഇവിടെയുള്ളതെല്ലം അപര്യപ്തമായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓക്സിജൻ ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്തെ കൊറോണ മരണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ഡെൽഹിയിലേക്ക് മെഡിക്കൽ ഓക്സിജൻ വിതരണം തടസ്സമില്ലാതെ നടക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും നഗരത്തിലെ നിരവധി ആശുപത്രികളും ഹൈക്കോടതിയെ സമീപിച്ചു.
ഇതിനിടെ ഓക്സിജൻ വിതരണം തടസപ്പെടുത്തുന്നവരെ തൂക്കി കൊല്ലും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡെൽഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കൊറോണ രോഗം ഗുരുതരമായി ബാധിച്ചിരിക്കുന്നവർക്കായുള്ള ഓക്സിജൻ ലഭ്യമല്ല എന്ന പരാതിയിന്മേലായിരുന്നു ഡെൽഹി ഹൈക്കോടതിയുടെ പരാമർശം. മഹാരാജ അഗ്രസെൻ ആശുപത്രിയാണ് ഓക്സിജൻ ക്ഷാമം ചൂണ്ടിക്കാട്ടി പരാതി നൽകിയത്.