ദേവാലയങ്ങളിൽ കൊറോണ മുൻകരുതലുകൾ പാലിക്കണം; കൊറോണ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് പിന്തുണയറിയിച്ച് കെസിബിസി

കൊച്ചി: സംസ്ഥാന സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സഭാംഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സംസ്ഥാനത്തെ കൊറോണ പ്രതിരോധത്തിൽ കെസിബിസി സർക്കാരിന് പിന്തുണ അറിയിച്ചു.

കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികൾ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും. ദേവാലയങ്ങളിൽ കൊറോണ മുൻകരുതലുകൾ പാലിക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർദ്ദേശിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കത്തോലിക്ക സഭയും മറ്റ് സഭകളും മെയ് ഏഴാം തീയതി പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്നും കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ദേവാലയങ്ങളിൽ ആരാധനാ കർമ്മങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് മാത്രം നടത്തണം. മഹാവിപത്തിന് നേരിടാൻ എല്ലാവരും തീക്ഷ്ണമായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.